കോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ നേത്ര ശസ്ത്രക്രിയ മുടങ്ങിയിട്ട് മൂന്നുമാസമാകുന്നു. ഈ മാസം 23നകം ബദൽ സൗകര്യം ഒരുക്കുമെന്നും അതുവരെ പാമ്പാടി, വൈക്കം താലൂക്ക് ആശുപത്രികളിൽ ശസ്തക്രിയ നടത്തുമെന്നുമാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഒന്നും നടന്നില്ല.
പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബർ എട്ടിന് നേത്ര ശസ്ത്രക്രിയവിഭാഗം പൂട്ടിയത്. തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തു. പകരം സംവിധാനം ഒരുക്കാതെ തിയറ്റർ പൂട്ടിയതിൽ വ്യാപക പരാതി ഉയർന്നിരുന്നു. 200നടുത്ത് രോഗികൾ ശസ്ത്രക്രിയക്കായി കാത്തിരിക്കുമ്പോഴാണ് ആശുപത്രി അധികൃതർ ഈ കടുംകൈ ചെയ്തത്. മന്ത്രി വീണ ജോർജിന്റെ ആശുപത്രി സന്ദർശന വേളയിൽ 23നകം 10,11,12 മുറികളിൽ താൽക്കാലികമായി ശസ്ത്രക്രിയക്ക് ആവശ്യമായ സൗകര്യം ഒരുക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, 23 കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല. നിർമിതി കേന്ദ്രത്തിനാണ് ചുമതല. 30ന് പണി പൂർത്തിയാക്കി ആശുപത്രിക്ക് കെട്ടിടം കൈമാറുമെന്നാണ് ഇപ്പോൾ പറയുന്നത്. എന്നാൽ, ശസ്ത്രക്രിയ തുടങ്ങാൻ പിന്നെയും വൈകും. കെട്ടിടത്തിൽ സിവിൽ വർക്കുകൾ ബാക്കിയുണ്ട്. പഴയ കെട്ടിടത്തിൽനിന്ന് പൊളിച്ചുമാറ്റിയ ഉപകരണങ്ങൾ സ്ഥാപിക്കണം. ഇവ അണുമുക്തമാണെന്ന് ഉറപ്പിക്കുന്നതിന് സ്വാബ് ടെസ്റ്റ് നടത്തണം.
മൂന്നു തവണയായാണ് ഈ പരിശോധന നടത്തുക. പരിശോധനഫലം ലഭിക്കാനും താമസമെടുക്കും. തുടർന്ന് മൈക്രോബയോളജി വിഭാഗത്തിന്റെ അനുമതികൂടി കിട്ടിയ ശേഷമേ തിയറ്റർ ആരംഭിക്കാനാവൂ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാമ്പാടിയിൽ ശസ്ത്രക്രിയ നടത്തുമെന്നാണ് അധികൃതർ പറഞ്ഞത്. ഇതിനായി വാഹനസൗകര്യം നൽകുമെന്നും അറിയിച്ചിരുന്നു. പാമ്പാടി താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ഉപകരണങ്ങൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയിരുന്നതാണ്. എന്നാൽ, കെട്ടിടത്തിൽ ചോർച്ചയുള്ളതിനാൽ അണുബാധ സാധ്യത കണക്കിലെടുത്ത് ഒഴിവാക്കി. ശസ്ത്രക്രിയ നടത്താൻ 14 ലക്ഷം രൂപ വിലയുള്ള മൈക്രോസ്കോപ് കോട്ടയത്തുനിന്ന് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സ്ഥാപിച്ചിട്ടില്ല. ഇത് തിരിച്ചെത്തിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.