കോട്ടയം: കോടിമതയിൽനിന്ന് കായൽസവാരിക്ക് തുടക്കംകുറിച്ച ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അക്ഷര എന്ന ബോട്ട് സർവിസ് പൂർണമായി നിലച്ചിട്ട് മൂന്നുവർഷം പിന്നിടുന്നു. 2009ൽ വകുപ്പിന് ലഭിച്ച ബോട്ടാണിത്. 2016 വരെ സർവിസ് നടത്തിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണിക്കായി കയറ്റുകയും സർവിസ് തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് വ്യാപനത്തോടെ മേഖലക്ക് വൻ പ്രതിസന്ധിയാണ് സംഭവിച്ചത്. കാലപ്പഴക്കവും കോടിമത ജലപാതയിലെ പോളശല്യവും മൂലം നശിക്കുന്നത് ഒമ്പത് ലക്ഷം രൂപക്ക് ലഭിച്ച ഏക ടൂറിസംബോട്ടാണ്.
ഇവിടെ നിന്നുള്ള ജലഗതാഗതം നിലച്ചിട്ട് മൂന്ന് ആഴ്ചയോളവുമായി. ജലപാതയിലെ പോളയും മാലിന്യവുമാണ് ബോട്ടുകളുടെ സുഗമസഞ്ചാരത്തിന് വിലങ്ങുതടിയാവുന്നത്. എറണാകുളത്തെ ഏജൻസി മുഖേനയാണ് ബോട്ട് നിർമിച്ചിട്ടുള്ളത്. സർവിസ് നിലച്ചതിനെ തുടർന്ന് താൽക്കാലിക ബോട്ട് ജീവനക്കാരെയും ജോലിയിൽനിന്നും ഒഴിവാക്കിയിരുന്നു. ബോർഡ് ഡിപ്പാർട്ട്മെന്റ് വാല്യൂ ചെയ്യുന്നതിനായി ടെൻഡർ ഫീസടച്ച് കാത്തിരിപ്പിലാണ് അധികൃതർ. അനുമതി ലഭിച്ചാൽ സ്ക്രാപ്പ് വിലക്ക് വിൽക്കാനാണ് വകുപ്പിന്റെ ഉദ്ദേശം.
കാലപ്പഴക്കം നേരിട്ട് ഉപയോഗശൂന്യമായ ബോട്ട് റീബിൽട്ട് ചെയ്യുന്നതിനായി ആലപ്പുഴയിലെ ഏജൻസിയെ സമീപിച്ചപ്പോൾ അതിനായി 54 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് അവർ അറിയിച്ചത്. ഇത്രയുംതുക നൽകി ബോട്ട് പുനർനിർമിച്ച് തുടർസർവിസ് ലാഭകരമല്ലെന്നാണ് വകുപ്പിന്റെ വാദം. ഇതോടെ ബോട്ടിനെ ലേലം ചെയ്യുവാനാണ് വകുപ്പിന്റെ ഉദ്ദേശം.
അഥവാ റീബിൽട്ട് ചെയ്താൽ തന്നെയും മാരിൈട്ടം ബോർഡിന്റെ സർവേ ഉൾപ്പെടെയുള്ള നടപടികളുടെ കടമ്പകൾ പിന്നിട്ട് രണ്ട് വർഷത്തോളമെടുക്കും ബോട്ട് നീരണയാൻ. ബോട്ട് റീവാല്യൂ ചെയ്യുന്നതിനായുള്ള രേഖകൾ പോർട്ടിൽ സമർപ്പിച്ചതായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ഒരുമാസത്തിനുള്ളിൽ ലേലത്തിനുള്ള നടപടികൾ പൂർത്തിയാകും. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് ലഭിച്ച മൂന്ന് ശിക്കാരബോട്ടുകൾ നിലവിൽ സ്വകാര്യവ്യക്തികൾക്ക് ലീസിന് നൽകിയിരിക്കുകയാണ്. രണ്ട് ബോട്ടുകൾ കുമരകത്തും ഒരെണ്ണം ആപ്പാഞ്ചിറയിലെ കാന്താരിക്കടവിലെ സ്വകാര്യടൂറിസത്തിനുമായാണ് നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.