കോലഞ്ചേരി: ഓർത്തഡോക്സ് സഭയുമായുള്ള കൂദാശ ബന്ധങ്ങൾ വിച്ഛേദിക്കാൻ യാക്കോബായ സഭ സുന്നഹദോസിൽ തീരുമാനം. ഇതു സംബന്ധിച്ച് സഭ മേലധ്യക്ഷനായിരുന്ന ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയാർക്കീസ് ബാവ 1975ൽ പുറപ്പെടുവിച്ച കൽപന പ്രാവർത്തികമാക്കാൻ തീരുമാനിച്ചതായി സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഓർത്തഡോക്സ് വിഭാഗം പങ്കെടുക്കുന്ന എക്യുമെനിക്കൽ യോഗങ്ങളിൽനിന്ന് യാക്കോബായ വിഭാഗം വിട്ടുനിൽക്കും. ഇക്കാര്യം വിശദീകരിച്ച് കേരളത്തിലെ മുഴുവൻ ൈക്രസ്തവ സഭ നേതൃത്വത്തിനും കത്ത് നൽകും.
ആഗോള ഓറിയൻറൽ ഓർത്തഡോക്സ് സഭയുടെ കൂട്ടത്തിൽനിന്ന് മലങ്കര ഓർത്തഡോക്സ് വിഭാഗത്തെ പുറത്താക്കാൻ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവയോട് സുന്നഹദോസ് ശിപാർശ ചെയ്തു.
സുപ്രീംകോടതി വിധിക്കെതിരായ പള്ളിപിടിത്തമാണ് ഓർത്തഡോക്സ് വിഭാഗം നടത്തുന്നത്. ഇത് തടയാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരണം. പള്ളികൾ ഇടവക ജനങ്ങളുടേതാണ്. ഇക്കാര്യം കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് മറികടന്ന് ഓർത്തഡോക്സ് വിഭാഗത്തിെൻറ സ്വാധീനത്തിനു വഴങ്ങി പല ഭാഗങ്ങളിലും ജില്ല ഭരണകൂടവും പൊലീസും യാക്കോബായ വിഭാഗത്തിെൻറ പള്ളികൾ ബലമായി പിടിച്ചെടുക്കുകയാണ്. മുളന്തുരുത്തിയിൽ രാത്രിയുടെ മറവിൽ സംഭവിച്ചത് അതാണ്.
സ്ത്രീകളും കുട്ടികളും വൈദികരുമടക്കമുള്ളവരെ ക്രൂരമായാണ് മർദിച്ചത്. ഫോർട്ട്കൊച്ചി ആർ.ഡി.ഒ അടക്കമുള്ളവർ വളരെ മോശമായാണ് പെരുമാറിയത്. രാവിലെ 10ന് കോടതി വിധി വരുന്നത് തങ്ങൾക്കെതിരാണെങ്കിൽ ഉടൻ പള്ളി വിട്ടുപോകാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും കേൾക്കാതെയാണ് ക്രൂരമർദനം അഴിച്ചുവിട്ടത്.
ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. സഭക്ക് നീതി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ ഉപവാസം നടത്തും. ഇതോടൊപ്പം സഭയുടെ പള്ളികളിൽ പ്രതിഷേധവും റിലേ നിരാഹര സമരവും ആരംഭിക്കും.
മുളന്തുരുത്തി പള്ളിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച കോവിഡ് േപ്രാട്ടോകോൾ പാലിച്ച് എല്ലാ പള്ളികളിലും പ്രതിഷേധ പരിപാടികൾ നടത്തും. സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ്, ഡോ. കുര്യാക്കോസ് മാർ ദിയസ്കോറസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ഡോ. മാത്യൂസ് മാർ അന്തിമോസ്, സഭ ഭാരവാഹികളായ ഫാ. സ്ലീബാ പോൾ കോർഎപ്പിസ്കോപ്പ, സി.കെ. ഷാജി ചുയിൽ, പീറ്റർ കെ. ഏലിയാസ്, മോൻസി വാവച്ചൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.