കോട്ടയം: നഗരസഭ 43ാം വാർഡിലെ മറിയപ്പള്ളി മുട്ടം കുരയ്ക്കലാറ്റുചിറ റോഡിന്റെ ശോച്യാവസ്ഥയിൽ ദുരിതംപേറി പ്രദേശത്തെ 12ഓളം കുടുംബങ്ങൾ. പ്രദേശവാസികൾക്ക് ആശുപത്രിയിലേക്കോ മറ്റ് അത്യാവശ്യങ്ങൾക്കോ പോകണമെങ്കിൽ വലിയ പ്രയാസമാണ്. ആംബുലൻസിനടുത്തെത്തിക്കാൻ രോഗിയേയും താങ്ങിയെടുത്ത് വള്ളത്തിൽ കയറ്റി പത്തു സെന്റിലോ കുരയ്ക്കാലാറ്റുചിറ ഭാഗത്തോ എത്തിക്കണം. ഇവിടെനിന്ന് പത്ത് സെന്റ് പ്രദേശത്തേക്ക് പോകാനായി ആകെ 300 മീറ്റർ ഭാഗത്തേ മൺപാതയുള്ളൂ. മറിയപ്പള്ളി ഗവ. സ്കൂളിൽ പഠിക്കുന്ന ആറോളം കുട്ടികൾ നടന്നോ വള്ളത്തിലോ ആണ് സ്കൂളിലേക്ക് എത്തുന്നത്. കുഴഞ്ഞ മണ്ണിലും ചെളിയിലും ചവിട്ടിയാണ് പ്രദേശവാസികൾ വീടുകളിലേക്ക് എത്തുന്നതും.
എം.സി റോഡിൽനിന്ന് മുട്ടം പാറക്കടവ് പടിഞ്ഞാറ് ഭാഗത്താണ് കുരയ്ക്കലാറ്റുചിറ. മുൻ ജനപ്രതിനിധിയുടെ ശ്രമഫലമായാണ് റോഡ് കുറച്ചുഭാഗമെങ്കിലും സഞ്ചാരയോഗ്യമായത്. ബാക്കിഭാഗത്ത് റോഡ് ചുരുങ്ങി പുല്ലുവകഞ്ഞുണ്ടായ നടപ്പുവഴിയാണ്. വഴിവിളക്കുകളില്ല, ഇഴജന്തുക്കളുടെ ശല്യമേറിയതിനാൽ രാത്രി റോഡിലൂടെയുള്ള യാത്ര ഭീതിനിറഞ്ഞതാണ്. കുരയ്ക്കലാറ്റുചിറയിലെ വീടുകൾക്ക് മുന്നിൽ കുരയ്ക്കലാറ്റു പാടവും പുറകിൽ കൊടൂരാറുമാണ്.
വർഷങ്ങളായി തരിശുകിടന്ന കുരയ്ക്കലാറ്റു പാടശേഖരത്ത് കഴിഞ്ഞ നാലുവർഷം വരെ കൃഷിയിറക്കിയിരുന്നു. ആറ്റിറമ്പായതിനാൽ വേലിയേറ്റ-വേലിയിറക്ക സമയങ്ങളിൽ പാടത്തേക്കും ആകെയുള്ള നടവഴിയിലും വെള്ളംകയറും. വേനൽകാലത്ത് പോലും ഇവിടെ വെള്ളക്കെട്ടാണ്. മഴക്കാലത്ത് ഇവിടേക്ക് എത്തിപ്പെടുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഇരുചക്രവാഹനങ്ങൾ പാതിവരെയെ എത്തൂ. റോഡ് നവീകരണത്തിനായി നഗരസഭ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് ജനപ്രതിനിധി പറയുമ്പോഴും യാത്രാദുരിതത്തിന് അറുതിക്കായി കാത്തിരിപ്പിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.