കോട്ടയം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്(കെ-ഫോൺ) പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യതയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടുകളിൽ സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കുന്നതിനുള്ള സർക്കാറിന്റെ പദ്ധതിയാണ് കെ-ഫോൺ.
സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിനാണ് ആദ്യഘട്ടത്തിൽ പ്രഥമ പരിഗണന. ജില്ലയിൽ 626 സ്ഥാപനങ്ങളിൽ ഇന്റർനെറ്റ് നൽകുന്നതിന് ഫൈബർ കേബിൾ കണക്ഷൻ എത്തിച്ചുകഴിഞ്ഞു. ഇതിൽ 428 എണ്ണത്തിൽ മോഡം, യു.പി.എസ് റാക്ക് ഇൻസ്റ്റലേഷൻ അടക്കം കണക്ടിവിറ്റി പ്രവൃത്തികളും പൂർത്തീകരിച്ചു. നിലവിൽ 955 കിലോമീറ്റർ നീളത്തിൽ ഫൈബർ ഒപ്റ്റിക്കൽ കേബിൾ സ്ഥാപിച്ചു.
റെയിൽവേ മേൽപാലങ്ങളുടെയും ദേശീയപാത അതോറിറ്റിയുടെയും അനുമതി ലഭ്യമായാൽ ബാക്കി സ്ഥാപനങ്ങളിലെ ഫൈബർ കണക്ടിവിറ്റിയും റാക്ക് ഇൻസ്റ്റലേഷനും പൂർത്തിയാക്കും. കെ-ഫോൺ ശൃംഖലയുടെ ഭാഗമായി ജില്ലയിലെ 24 പോപുകൾ (പോയന്റ് ഓഫ് പ്രസൻസ്) വരുന്ന കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 2561.633 കിലോമീറ്ററിലാണ് ഫൈബർ കേബിൾ സ്ഥാപിക്കുന്നത്.
കെ.എസ്.ഇ.ബിയുടെ ട്രാൻസ്മിഷൻ ടവറുകളിലെ പ്രധാന ലൈനുകളിലൂടെ ഒപ്റ്റിക്കൽ ഗ്രൗണ്ട് എർത്ത് വയർ കേബിൾ ജോലികൾ 71.19 ശതമാനവും (135 കി.മീ) വൈദ്യുതി പോസ്റ്റുകളിലൂടെ ഓൾ ഡൈ-ഇലക്ട്രിക് സെൽഫ് സപ്പോർട്ടിങ് കേബിൾ സ്ഥാപിക്കുന്ന ജോലി 34.57 ശതമാനവും (820 കി.മീ) പൂർത്തിയായി. ഏകോപനവും അറ്റകുറ്റപ്പണികളും നടത്തുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് (ഭെൽ).
കെ-ഫോൺ ശൃംഖലയുടെ മസ്തിഷ്കമെന്നറിയപ്പെടുന്ന കോർപോപ് (കോർ പോയന്റ് ഓഫ് പ്രസൻസ്) ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത് പള്ളം കെ.എസ്.ഇ.ബി 220 കെ.വി. സബ്സ്റ്റേഷനിലാണ്. കോർ പോപ്പിനെ 110/220/400 കെ.വി ലൈൻ വഴി സ്ഥാപിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിൾ ഉപയോഗിച്ച് ജില്ലയിലെ ഏഴ് വൈദ്യുതി സബ് സ്റ്റേഷനുകളിലെ അഗ്രിഗേഷൻ പോപുകളുമായും 16 സബ്സ്റ്റേഷനുകളിലെ പ്രീ ആഗ്രിഗേഷൻ ആൻഡ് സ്പർ പോപുകളുമായും ബന്ധിപ്പിക്കും.
കഞ്ഞിക്കുഴി, ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ, കുറവിലങ്ങാട്, രാമപുരം, പാലാ എന്നീ കെ.എസ്.ഇ.ബി. സബ് സ്റ്റേഷനുകളിലെ അഗ്രിഗേറ്റ് പോപുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. സബ്സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രീ ഫാബ് ഷെൽട്ടറിനുള്ളിലെ ടെലികോം ഉപകരണങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശോധന അവസാനഘട്ടത്തിലാണ്.
ഇതു പൂർത്തിയാകുന്നതോടെ പ്രവർത്തനസജ്ജമാകുന്ന പോപുകളുടെ പരിധിയിലെ എട്ടു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിലേക്ക് ഇന്റർനെറ്റ് കണക്ഷൻ ഉടൻ നൽകിത്തുടങ്ങും. മേയ് പകുതിയോടെ കെ-ഫോൺ പദ്ധതിയുടെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ-ഫോൺ പ്രൊജക്ട് മേധാവി മോസസ് രാജകുമാർ പറഞ്ഞു.
എ.ഡി.എസ്.എസ് കേബിൾ ശൃംഖലയിലൂടെയാണ് ജില്ലയിലെ പഞ്ചായത്തുകൾ, സ്കൂളുകൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളിലും വീടുകളിലും ഇന്റർനെറ്റ് നൽകാൻ സംവിധാനമൊരുങ്ങുന്നത്. ഇതിനായി ഓരോ സബ്സ്റ്റേഷനുകളിലെ പോപുകളിൽ നിന്നും സ്ഥാപനങ്ങളുടെ 250 മീറ്റർ അകലത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സ്ട്രീറ്റ് ബോക്സ് സ്ഥാപിക്കും.
2006 സ്ഥാപനങ്ങളിൽ എൻഡ് ഓഫിസ് ഫൈബർ ശൃംഖലയുടെ ആവശ്യകതയുണ്ട്. പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ 13 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 80 ജീവനക്കാർ പലവിഭാഗങ്ങളിലായി പ്രവർത്തിക്കുന്നതായി ഭെൽ ജില്ല കോഓഡിനേറ്റർ രൂപ്സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.