കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി പരിസരത്തുനിന്ന് aനാലു തവണയാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. കഴിഞ്ഞ തവണ മെഡിക്കൽ വാർഡിന്റെ പരിസരത്തുനിന്നായിരുന്നെങ്കിൽ ഇത്തവണ പാമ്പിനെ കണ്ടത് പ്രസവ വാർഡിന്റെ പരിസരത്താണ്. നാലുതവണ പിടികൂടിയതിൽ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളും ഉൾപ്പെടും. വ്യാഴാഴ്ച രാത്രിയാണ് ഏറ്റവും ഒടുവിൽ പാമ്പിനെ പിടികൂടിയത്.
പ്രസവ വാർഡിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ കൂട്ടിരിപ്പുകാരാണ് ആദ്യം കണ്ടത്. ഇവർ തുടർന്ന് ആശുപത്രിയിൽത്തന്നെ പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിൽ വിവരമറിയിച്ചു. എ.എസ്.ഐ സന്തോഷ്കുമാർ പിന്നീട് വനപാലകരെ വിവരമറിയിക്കുകയും ഇവരെത്തി പാമ്പിനെ കൊണ്ടുപോവുകയുമായിരുന്നു. പാമ്പിനെ പിടികൂടുന്നത് പതിവായതോടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമെ ജീവനക്കാരും ഭീതിയിലാണ്.
ഇനിയും ഇവിടെ പാമ്പുകൾ ഉണ്ടാകുമെന്നാണ് വനപാലകരും പറയുന്നത്. ആശുപത്രി പരിസരത്തടക്കം കാടുകയറിയതാണ് പാമ്പുകളുടെ ശല്യം രൂക്ഷമാകാൻ കാരണം. ഒപ്പം ഇതിനോടുചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും കാടുപിടിച്ച നിലയിലാണ്. ഇവിടെനിന്നടക്കമാണ് ഇഴജന്തുക്കൾ ആശുപത്രി പരിസരത്തെത്തുന്നതെന്നാണ് രോഗികൾ പറയുന്നത്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുൻകൈയെടുത്ത് പരിസരത്തെയെങ്കിലും കാടുകൾ വെട്ടിത്തെളിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.