കോട്ടയം: രണ്ടില പോയെങ്കിൽ പോകട്ടെ, ഭാഗ്യചിഹ്നമായ ഓട്ടോറിക്ഷ ഔദ്യോഗികമായി സ്വന്തമാക്കാൻ തീരുമാനിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. രണ്ടില കേരള കോൺഗ്രസ്-എമ്മിന് ലഭിച്ചതോടെ കുറേനാളായി ഔദ്യോഗിക ചിഹ്നമില്ലാതെ വലയുകയായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ലോക്സഭ തെരഞ്ഞെടുപ്പിലുൾപ്പെടെ അത് പ്രശ്നം സൃഷ്ടിച്ചു. അതിനൊടുവിലാണ് കോട്ടയത്ത് ഓട്ടോറിക്ഷ ചിഹ്നമായി കിട്ടിയത്. ‘ഓട്ടോറിക്ഷ’യിലൂടെ വൻവിജയം നേടാൻ പാർട്ടി സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് സാധിച്ചു. അങ്ങനെ ‘ഓട്ടോറിക്ഷ’ പി.ജെ ജോസഫിനും കൂട്ടർക്കും ഭാഗ്യ ചിഹ്നമാണിപ്പോൾ. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതാധികാര സമിതി ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ചു. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉടൻ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കും. കേരള കോൺഗ്രസ് വർഷങ്ങളായി പല ചിഹ്നത്തിലാണ് മത്സരിച്ചത്. പിന്നീടാണ് പാർട്ടി ചിഹ്നമായി രണ്ടില ലഭിച്ചത്. എന്നാൽ, വർഷങ്ങൾക്കുമുമ്പ് കേരള കോൺഗ്രസ് വീണ്ടും പിളർന്നപ്പോൾ ജോസ് കെ. മാണിക്കും കൂട്ടർക്കും രണ്ടില ലഭിച്ചു. കേരള കോൺഗ്രസ് എന്ന പേര് കിട്ടിയെങ്കിലും ചിഹ്നമില്ലാതെ ജോസഫ് വിഭാഗം അലയുകയായിരുന്നു. അതിനാണ് ഇപ്പോൾ ഫലം കാണുന്നത്. ഓട്ടോറിക്ഷ ‘സ്വന്തമാക്കാൻ’ തീരുമാനിച്ച സാഹചര്യത്തിൽ രണ്ടിലക്കുവേണ്ടി ജോസ് കെ. മാണിയുമായുള്ള തർക്കവും ജോസഫ് വിഭാഗം അവസാനിപ്പിക്കുകയാണ്.
ഫ്രാൻസിസ് ജോർജിന്റെ ജയത്തിലൂടെയാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സംസ്ഥാന പാർട്ടി എന്ന അംഗീകാരത്തിനും ചിഹ്നത്തിനുമായുള്ള അവസരം ലഭിച്ചത്. സംസ്ഥാന പാർട്ടിയായി ഇതുവരെ കേരള കോൺഗ്രസ് അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ പാർലമെന്റ് തെരഞ്ഞെടുപ്പിലുൾപ്പെടെ തെരഞ്ഞെടുപ്പ് കമീഷൻ ചിഹ്നം അംഗീകരിക്കുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. സംസ്ഥാന പാർട്ടി അംഗീകാരത്തിന് ഒരു ലോക്സഭാംഗം അല്ലെങ്കിൽ അഞ്ച് നിയമസഭാംഗങ്ങൾ വേണമെന്നാണ് വ്യവസ്ഥ. കേരള കോൺഗ്രസ്-എമ്മിന് അഞ്ച് എം.എൽ.എമാരും ഒരു എം.പിയുമുണ്ടായിരുന്നതിനാൽ അവർക്ക് അംഗീകാരവും ചിഹ്നവുമൊക്കെ ലഭിച്ചു. രണ്ട് എം.എൽ.എമാർ മാത്രമുണ്ടായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു. കോട്ടയം മണ്ഡലത്തിൽ ജയിച്ചതോടെ ജോസഫ് വിഭാഗത്തിന് അംഗീകാരത്തിനുള്ള അവസരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.