കോട്ടയം: കേരള കോൺഗ്രസ് തട്ടകത്തിൽ കെ.എം. മാണിയുടെ ഓർമകളെ ചേർത്തുനിർത്തി മന്ത്രിക്കുപ്പായത്തിൽ റോഷി അഗസ്റ്റിൻ. മന്ത്രിയായശേഷം ആദ്യമായി കോട്ടയത്തെത്തിയ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന് പാർട്ടി ആസ്ഥാനത്ത് ആവേശ സ്വീകരണം. കോട്ടയത്തെ പാർട്ടി കേന്ദ്ര ഓഫിസിലെത്തിയ മന്ത്രിയെ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി മാലയിട്ട് സ്വീകരിച്ചു. കെ.എം. മാണിയുടെ കല്ലറയിലും ചക്കാമ്പുഴയിലെ കുടുംബവീട്ടിലെത്തിയശേഷം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അദ്ദേഹം പാർട്ടി ആസ്ഥാനത്തെത്തിയത്.
തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച രാവിലെ 11ഓടെ കോട്ടയത്തെത്തിയ മന്ത്രി സ്ഥിരം കേന്ദ്രമായ സംക്രാന്തിയിലെ ഇന്ത്യൻ കോഫിഹൗസിന് മുന്നിലാണ് ആദ്യമെത്തിയത്. ഇരുന്ന് കഴിക്കാൻ അവസരമില്ലാതിരുന്നതിനാൽ കോഫി ഹൗസിനു മുന്നിൽനിന്ന് കാപ്പികുടി.
തുടർന്ന് നേരെപോയത് ചേർപ്പുങ്കൽ പള്ളിയിലേക്കായിരുന്നു. മുന്നിൽനിന്ന് പ്രാർഥിച്ചശേഷം ഇവിടെനിന്ന് പാലാ കത്തീഡ്രൽ പള്ളിയിലെത്തി പാർട്ടി ചെയർമാനും പ്രിയ നേതാവുമായിരുന്ന കെ.എം. മാണിയുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ച് പ്രാർഥിച്ചു.
തോമസ് ചാഴികാടൻ എം.പി, എം.എൽ.എമാരായ എൻ. ജയരാജ്, ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന് പാലായിലെ പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ വീട്ടിലെത്തി. ഇവിടെ എത്തിയ മന്ത്രിയെ ആശ്ലേഷിച്ചാണ് ജോസ് കെ. മാണി സ്വീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾക്കൊപ്പം കേക്ക് മുറിച്ചു.
ഇവിടെനിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം ചക്കാമ്പുഴയിലെ കുടുംബവീട്ടിലെത്തി മാതാപിതാക്കളിൽനിന്ന് അനുഗ്രഹം തേടി. പിന്നീട്, ഭരണങ്ങാനം എടപ്പാടിയിലുള്ള ഭാര്യഗൃഹത്തിൽ എത്തിയ മന്ത്രി ബന്ധുക്കളുമായി സൗഹൃദം പങ്കുെവച്ചു.
തുടർന്നായിരുന്നു കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയത്. തുടർന്ന് ജോസ് കെ. മാണി, റോഷി ആഗസ്റ്റിൻ, തോമസ് ചാഴികാടൻ എന്നിവരുടെ നേതൃത്വത്തിൽ യോഗവും ചേർന്നു. സ്റ്റീഫൻ ജോർജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മി, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം, വിജി എം. തോമസ്, ജെന്നിങ്സ് ജേക്കബ്, ജോസഫ് ചാമക്കാല, ജോജി കുറത്തിയാടൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.