കോട്ടയം: 680 ജീവനക്കാരും 374 കിടക്കയുമുള്ള ആശുപത്രിയിൽ വർഷങ്ങളായിട്ടും കാന്റീൻ തുടങ്ങാൻ നടപടിയില്ല. നേരത്തേ ഉണ്ടായിരുന്ന കാന്റീൻ 2015ന് മുമ്പ് പ്രവർത്തനം നിലച്ചതാണ്. മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങളിൽ എന്നും ഉന്നയിക്കുന്ന വിഷയമാണ് ജില്ല ജനറൽ ആശുപത്രിയിൽ കാന്റീൻ വേണമെന്നത്. പുതിയ കാന്റീൻ തുടങ്ങാനും കുടുംബശ്രീയെ ഏൽപിക്കാനുമായിരുന്നു ധാരണ.
കുടുംബശ്രീക്കും താൽപര്യമുണ്ട്. എന്നാൽ, ആശുപത്രി അധികൃതർക്ക് താൽപര്യമില്ല. കുടുംബശ്രീ പ്രതിനിധികളെ യോഗത്തിലേക്ക് വിളിക്കാനോ ചർച്ച നടത്താനോ ശ്രമിച്ചിട്ടില്ല. മാനേജ്മെന്റ് കമ്മിറ്റി തീരുമാനങ്ങൾ വകവെക്കാതെ ഉദ്യോഗസ്ഥർ സമാന്തരയോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുകയാണെന്ന് വ്യാപക ആക്ഷേപമുണ്ട്. ഏഴുമുതൽ 12വരെ വാർഡുകൾ ഇപ്പോൾ പൊളിച്ചെങ്കിലും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവില്ല. ദിനംപ്രതി 2000-3000 വരെ രോഗികൾ എത്തുന്നുണ്ട്. 374 കിടക്കകൾ എന്നാൽ, കൂട്ടിരിപ്പുകാരെ കൂടി പരിഗണിച്ചാൽ 700ലധികംപേർ വരും. ഇവരെല്ലാം പുറത്ത് ഹോട്ടലുകളെ ആശ്രയിക്കുകയാണ്. ആശുപത്രിയിൽ കാന്റീൻ തുടങ്ങിയാൽ രോഗികൾക്ക് ഏറെ ഉപകാരപ്രദമാകും. വേണ്ടത്ര സ്ഥലവുമുണ്ട്. എന്നാൽ, അത്തരം കാര്യങ്ങളിലൊന്നും അധികൃതർക്ക് താൽപര്യമില്ല.
കോട്ടയം: ജില്ല ജനറൽ ആശുപത്രിയിൽ ബഹുനില മന്ദിരം നിർമിക്കാൻ മുറിച്ചുമാറ്റേണ്ടത് 57 മരങ്ങൾ. എന്നാൽ, നീക്കിയത് 42 മരങ്ങൾ മാത്രം. ഇവ മുറിക്കാൻ വീണ്ടും ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. സ്ഥലപരിശോധന നടത്താതെ ഉദ്യോഗസ്ഥർ നമ്പറിട്ടതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. നമ്പറിട്ടവ മുറിച്ചുമാറ്റിയപ്പോഴാണ് നടുവിൽ 15 മരങ്ങൾ ബാക്കിയായത്. മഹാഗണി, കണിക്കൊന്ന തുടങ്ങിയ മരങ്ങൾക്ക് സാമൂഹിക വനവത്കരണ വിഭാഗം 2.14 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാൽ, ഈ വിലക്ക് ആരും ടെൻഡർ എടുക്കാനെത്തുന്നില്ല. മരം മുറിച്ചുനീക്കിയാലേ സ്ഥലം പൂർണമായി നിർമാണപ്രവർത്തനങ്ങൾക്ക് കൈമാറാനാവൂ. 42 മരങ്ങൾ മുറിച്ചുമാറ്റിയിട്ട് ഒരുവർഷത്തോളമായി. അതിനൊപ്പം നമ്പറിട്ടിരുന്നെങ്കിൽ ഒറ്റയടിക്ക് ഇവ മുറിച്ചുമാറ്റാമായിരുന്നു. അധികൃതരുടെ അനാസ്ഥയെ തുടർന്ന് അധിക ചെലവായി എന്നു മാത്രമല്ല, കെട്ടിടനിർമാണം ആരംഭിക്കലും വൈകുകയാണ്.
കോട്ടയം: ജില്ല ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമായിട്ട് നാളുകളേറെ. സെൻസർ പ്രവർത്തിക്കാത്തതാണ് കാരണം. അലാറവും തകരാറിലാണ്. അമ്മത്തൊട്ടിൽ പ്രവർത്തനരഹിതമാണെന്ന് നോട്ടീസ് പതിച്ചിരിക്കുകയാണ് അധികൃതർ. ജില്ല ശിശുക്ഷേമ സമിതിക്കാണ് അമ്മത്തൊട്ടിലിന്റെ ചുമതല. കാലപ്പഴക്കമേറിയതിനാൽ ഇടക്കിടെ സെൻസർ പ്രവർത്തനരഹിതമാവാറുണ്ട്. അപ്പോഴെല്ലാം ശിശുക്ഷേമ സമിതി തിരുവനന്തപുരത്തെ ഓഫിസിലറിയിച്ച് അവിടെനിന്ന് ആളെത്തി നന്നാക്കുകയാണ് പതിവ്.
ആശുപത്രിയിൽ കാഷ്വാലിറ്റിയോടുചേർന്നാണ് അമ്മത്തൊട്ടിൽ സ്ഥാപിച്ചിട്ടുള്ളത്. കുഞ്ഞിനെ തൊട്ടിലിൽ കിടത്താൻ പടിക്കെട്ടിൽ കയറിനിൽക്കുമ്പോൾ സെൻസർ പ്രവർത്തിക്കുകയും അലാറം അടിക്കുകയുമാണ് ചെയ്യുക. 2009ൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇതുവരെ 25 കുഞ്ഞുങ്ങളെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂണിലാണ് അവസാനമായി കുഞ്ഞിനെ കിട്ടിയത്.
എല്ലാ ജില്ലകളിലും പഴയ അമ്മത്തൊട്ടിൽ മാറ്റി ആധുനിക സാങ്കേതികവിദ്യകളോടെയുള്ളവ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇതോടെ ഇടക്കിടെയുള്ള തകരാറ് ഒഴിവാകുമെന്നാണ് പ്രതീക്ഷ. അമ്മത്തൊട്ടിൽ പ്രവർത്തിക്കാത്തതിനാൽ വരാന്തയിൽ കുഞ്ഞിനെ കിടത്തിപ്പോയ സംഭവം നേരത്തേ ഇവിടെ ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.