കോട്ടയം: പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്ന് മാസങ്ങൾക്കുമുമ്പ് അടച്ച ജില്ല ആശുപത്രി അഞ്ചാം വാർഡ് അറ്റകുറ്റപ്പണിക്ക് സിവിൽ വർക്കുകളുടെ എസ്റ്റിമേറ്റായി. കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം ഇലക്ട്രിക്കൽ വർക്കുകളുടെ എസ്റ്റിമേറ്റ് എടുത്തു. രണ്ടുംചേർത്ത് ജില്ല പഞ്ചായത്തിനും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കും സമർപ്പിക്കും. തുടർന്ന് ടെൻഡർ നടപടികളിലേക്കു കടക്കും.
അറ്റകുറ്റപ്പണിക്ക് ജില്ല പഞ്ചായത്ത് 50 ലക്ഷവും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി 18 ലക്ഷവും നൽകും. ആറുമാസംമുമ്പാണ് പ്ലാസ്റ്ററിങ് അടർന്നുവീണതിനെ തുടർന്ന് അഞ്ചാം വാർഡ് അടച്ചിട്ടത്. ഒക്ടോബറിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിളിച്ച യോഗത്തിൽ നവീകരണ പ്രവൃത്തിക്ക് പത്ത് ദിവസത്തിനകം ടെൻഡർ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു.
കാലതാമസം ഒഴിവാക്കാൻ നിർമിതി പോലുള്ള ഏജൻസികളെ ഏൽപിക്കാനായിരുന്നു നിർദേശം. എന്നാൽ, രണ്ടുമാസത്തിനിപ്പുറമാണ് എസ്റ്റിമേറ്റ് നടപടികളാവുന്നതുതന്നെ. കെട്ടിടത്തിന്റെ മേൽക്കൂരയെ മുഴുവനായി മറയ്ക്കാത്ത നിലവിലെ ഷീറ്റ് മാറ്റും. മഴവെള്ളം കെട്ടിടത്തിന്റെ മുകളിൽ കെട്ടിനിൽക്കുന്ന അവസ്ഥയാണ്. പ്ലാസ്റ്ററിങ് അടർന്ന ഭാഗം നന്നാക്കും.
50 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണിയുമുണ്ട്. ഇതോടൊപ്പം നാലാം വാർഡിലെ പ്ലാസ്റ്ററിങ് അടർന്നുവീണ ഭാഗവും നന്നാക്കും. പണി തുടങ്ങിയാൽ ഒരു മാസംകൊണ്ട് പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. നവജാതശിശുക്കളുടെ വാർഡായിരുന്നു അഞ്ച്. അവിടം പൂട്ടിയതോടെ ഇവരെ നാലാംവാർഡിലേക്കു മാറ്റുകയായിരുന്നു.
കോട്ടയം: പൊളിച്ചുകളഞ്ഞ നേത്ര ശസ്ത്രക്രിയ വിഭാഗത്തിനു പകരം താൽക്കാലിക സംവിധാനം ഒരുങ്ങി. ആശുപത്രി പേ വാർഡിന്റെ മൂന്നുമുറികളാണ് ഒരുക്കിയിട്ടുള്ളത്. പഴയ കെട്ടിടത്തിൽനിന്ന് പൊളിച്ചുമാറ്റിയ ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചു. അണുമുക്തമാണെന്ന് ഉറപ്പാക്കാൻ സ്വാബ് എടുത്ത് കോട്ടയം മെഡിക്കൽ കോളജിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഇത്തരത്തിൽ മൂന്നുതവണ പരിശോധന നടത്തിയാണ് അണുമുക്തമാണെന്ന് ഉറപ്പാക്കുക. പുതിയ കെട്ടിടം നിർമിക്കാനാണ് നേത്ര ശസ്ത്രക്രിയ വിഭാഗം പൂട്ടിയതും തുടർന്ന് പൊളിച്ചുമാറ്റിയതും. എന്നാൽ, മുന്നറിയിപ്പില്ലാതെ നേത്ര ശസ്ത്രക്രിയ വിഭാഗം പൂട്ടിയത് രോഗികൾക്ക് തിരിച്ചടിയായി. ജില്ലയിൽ ഏറ്റവുമധികം നേത്ര ശസ്ത്രക്രിയ നടക്കുന്നത് ഇവിടെയാണ്. നൂറിലേറെ രോഗികൾക്ക് ശസ്ത്രക്രിയക്ക് തീയതിയും നൽകിയിരുന്നു. വ്യാപകപ്രതിഷേധം ഉയർന്നതോടെയാണ് താൽക്കാലിക സംവിധാനം ഒരുക്കിയത്. ഫെബ്രുവരിയോടെ പ്രവർത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.