കോട്ടയം: ജില്ല ആശുപത്രിയിലെ സി.സി ടി.വി കാമറകൾ ഓഫാക്കിയ സംഭവത്തിൽ അധികൃതർക്ക് നോട്ടീസ് അയക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റി ഉത്തരവ്. കാമറകൾ ഓഫാക്കിയതായി ‘മാധ്യമം’ പത്രത്തിൽ വന്ന വാർത്തയെത്തുടർന്ന് പാരാലീഗൽ വളന്റിയർമാർ (പി.എൽ.വി) നൽകിയ പരാതിയിലാണ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജി രാജശ്രീ രാജഗോപാലിന്റെ നടപടി. വളന്റിയർമാരിൽ ഒരാളുടെ മകൻ ചികിത്സയിൽ കഴിയവെ കൂട്ടിരിപ്പിനെത്തിയ മാതാവിന്റെ പഴ്സ് മോഷണം പോയിരുന്നു. എയ്ഡ്പോസ്റ്റിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സി.സി ടി.വി കാമറ പരിശോധിച്ചപ്പോഴാണ് ഓഫാണെന്ന കാര്യം അറിയുന്നത്.
മുറി വൃത്തിയാക്കുന്നതിന്റെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാരാണ് ഓഫാക്കിയതെന്നും വിവരം അറിഞ്ഞില്ലെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ദിനംപ്രതി ആയിരങ്ങളെത്തുന്ന ജില്ല ആശുപത്രിയിൽ കാമറകൾ കൃത്യമായി പ്രവർത്തിക്കാത്തത് സുരക്ഷാപ്രശ്നങ്ങൾ ഉയർത്തിയിരുന്നു. വാർഡുകളിൽ മോഷണം പതിവാണ്.
നേരത്തേ 10 കാമറകളുണ്ടായിരുന്നു ആശുപത്രിയിൽ. അന്ന് പൊലീസിനായിരുന്നു മോണിറ്ററിങ് ചുമതല. ഇപ്പോൾ ആകെയുള്ളത് മൂന്നു കാമറയാണ്. അവയുടെ മോണിറ്ററിങ് പൊലീസിനു കൈമാറിയിട്ടുമില്ല. ആശുപത്രി കെട്ടിടങ്ങളും കോമ്പൗണ്ടും പൂർണമായി സി.സി ടി.വി നിരീക്ഷണത്തിൽ കൊണ്ടുവരണമെന്നും മോണിറ്ററിങ് ചുമതല പൊലീസിനെ ഏൽപിക്കണമെന്നും പി.എൽ.വിമാരുടെ റിപ്പോർട്ടിൽ നിർദേശിച്ചു.
ആശുപത്രിയിൽ അടിയന്തരമായി പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കണം. ബഗ്ഗി കാർ സംവിധാനം പുനഃസ്ഥാപിക്കണം. ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. മുഴുവൻ ലാബ് ടെസ്റ്റുകളും ആശുപത്രിയിൽ തന്നെ ചെയ്യാനും സംവിധാനം ഉണ്ടാക്കണം. വാർഡുകളിലെ ആവശ്യങ്ങൾ അറിയിച്ച് ബന്ധപ്പെട്ട നഴ്സുമാർ നൽകുന്ന റിക്വസ്റ്റുകളിൽ എത്രയെണ്ണം നടപ്പാക്കിയെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
കെട്ടിടം പൊളിച്ചുമാറ്റിയശേഷവും തിരുനക്കര സ്റ്റാൻഡിൽ ബസുകൾ കയറുന്നില്ലെന്ന പരാതിയും ഫയലിൽ സ്വീകരിച്ചു. സ്റ്റാൻഡിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റുക, സ്റ്റാൻഡിനകത്ത് രണ്ട് ബസ്ബേകൾ നിർമിക്കുക, താൽക്കാലിക കാത്തിരിപ്പുകേന്ദ്രം നിർമിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ടിലുള്ളത്.
പി.എൽ.വിമാരായ ടി.യു. സുരേന്ദ്രൻ, എബ്രഹാം സെബാസ്റ്റ്യൻ, പി.ഐ. എബ്രഹാം, കെ.സി. വർഗീസ്, ആർ. സുരേഷ് കുമാർ, എം.കെ. അബ്ദുൽ ലത്തീഫ് എന്നിവരാണ് വിഷയങ്ങൾ അതോറിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.