കോട്ടയം: ജില്ല ജനറൽ ആശുപത്രി ഒഫ്താൽമോളജി ഒ.പി രണ്ടാം ബുധനാഴ്ചയും മുടങ്ങി. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് കാരണം. ആശുപത്രിയുടെ ചരിത്രത്തിലാദ്യമായാണ് നേത്രചികിത്സ വിഭാഗത്തിലെ ഒ.പി മുടങ്ങുന്നത്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നു വരെയാണ് ഒ.പി. എന്നാൽ, നേത്ര വിഭാഗത്തിൽ ഒ.പി കഴിയുക സാധാരണ വൈകീട്ട് നാലിനു ശേഷമാണ്.
നാല് ഡോക്ടർമാർ വേണ്ടിടത്ത് രണ്ടുപേരാണ് ഒഫ്താൽമോളജിയിലുള്ളത്. ഇതിൽ ഒരാൾ മാത്രമാണ് സ്ഥിരം ഡോക്ടർ. ഒരാൾ ശസ്ത്രക്രിയക്കുവേണ്ടി മാത്രം എത്തുന്നതാണ്. ഇവർക്ക് അമിത ജോലിഭാരവുമുണ്ട്. ശനിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ശസ്ത്രക്രിയ ഉണ്ടാവും. ഒ.പിയിൽ ഒരു ഡോക്ടർ മാത്രം ആയതിനാൽ എല്ലാ രോഗികളെയും നോക്കാനാവുന്നില്ല.
ദിവസം 500നടുത്ത് രോഗികൾ എത്തുന്ന ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ 100 പേർക്കേ ടോക്കൺ നൽകാനാവൂ. മറ്റുള്ളവർ മടങ്ങിപ്പോകും. ഇതിനിടെയാണ് ബുധനാഴ്ചകളിലെ ഒ.പി നിർത്തിവെക്കേണ്ടിവരുന്നത്. മറ്റ് സ്ഥലങ്ങളിൽ ക്യാമ്പ് നടത്തിയെത്തുന്ന രോഗികൾക്കാണ് ഇപ്പോൾ കൂടുതലും ശസ്ത്രക്രിയ നടത്തുന്നത്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ശസ്ത്രക്രിയ നടത്താനാവുന്നില്ല. വൻതുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവർ. നിലവിൽ സീനിയർ കൺസൽട്ടന്റ് തസ്തികയാണ് മെഡിക്കൽ കോളജുകളിലും ജില്ല ആശുപത്രികളിലുമുള്ളത്.
ഈ തസ്തികയിൽ ഡോക്ടർമാർ കുറവായതാണ് ഇവിടെയും പ്രശ്നമാവുന്നത്. സീനിയർ കൺസൽട്ടന്റ് തസ്തിക ജില്ല ആശുപത്രിയിൽ അനിവാര്യമില്ല. ഈ തസ്തിക മാറ്റി കൺസൽട്ടന്റ് ആക്കിയാൽ കൂടുതൽ ഡോക്ടർമാരെ ലഭിക്കും.
എന്നാൽ, അതിന് ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ല. അതിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് രോഗികളാണ്. കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നേടാൻ അവസരമുണ്ടായിട്ടും നഗരത്തിലെ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടിലാണ് രോഗികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.