കോട്ടയം: എന്ന് വികസനം സാധ്യമാകുമെന്നറിയാതെ കുരുങ്ങുകയാണ് കോട്ടയം-കുമരകം റോഡ്. ലോകപ്രശസ്തടൂറിസം കേന്ദ്രങ്ങളിലൊന്നായ കുമരകത്തേക്ക് കോട്ടയം നഗരത്തിൽ നിന്നുള്ള റോഡ് കുറേനാളായി വികസനമില്ലാതെ മുരടിക്കുകയാണ്.
രാവിലെ മുതൽ ഗതാഗതക്കുരുക്കിൽ കുടുങ്ങാനുള്ള വിധിയാണ് കോട്ടയം-കുമരകം റോഡിന്. ഈ റോഡിന്റെ വികസനത്തിനായി നടപടികൾ ആരംഭിച്ച് ദശാബ്ദം കഴിഞ്ഞെങ്കിലും ഇപ്പോഴും കാര്യങ്ങൾ എങ്ങും എത്തിയിട്ടില്ല. കോട്ടയം ബേക്കർ ജങ്ഷൻ മുതൽ ഇല്ലിക്കൽ പാലം വരെ റോഡിന്റെ ചിലഭാഗങ്ങൾ ഒഴിച്ചാൽ ബാക്കിയിടങ്ങളിൽ വീതി കൂട്ടിയെങ്കിലും രാവിലെയും വൈകീട്ടും ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കോട്ടയത്ത് നിന്ന് ചാലുകുന്ന് വഴി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് ആംബുലൻസുകൾ ഉൾപ്പെടെ ചീറിപ്പാഞ്ഞ് പോകുന്ന റോഡാണിത്.
ബേക്കർ ജങ്ഷന് സമീപം സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന തടസ്സമായി ചൂണ്ടിക്കാട്ടുന്നത്. ഒരു പൊലീസുകാരൻ നിന്നാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന സജ്ജമല്ല. കോളജ്, സ്കൂളുകൾ ഉൾപ്പെടെ പ്രവർത്തിക്കുന്ന ഈ റോഡ് കടന്നുപോകുന്ന മേഖലയിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകൾ ഏറെയായി.
ഇല്ലിക്കൽ മുതൽ കുമരകം വരെയുള്ള റോഡിൽ ഇപ്പോഴും ഒരു വികസനവും നടന്നിട്ടില്ലെന്നതാണ് സത്യം. റോഡ് വികസനത്തിനായി ഭൂമി അളന്ന് കല്ലിട്ടെങ്കിലും ഉടമകൾക്ക് പണം നൽകുന്നതുൾപ്പെടെ തുടർനടപടികൾ കൈക്കൊണ്ടിട്ടില്ല.
വളരെ നാളുകൾക്ക് ശേഷമാണ് ഈ റോഡിലെ കോണത്താറ്റ് പാലത്തിന് നിർമാണാനുമതി ലഭിച്ചതും. എന്നാൽ പാലത്തിന്റെ നിർമാണം പൂർണമായും പൂർത്തീകരിക്കാനും കഴിഞ്ഞിട്ടില്ല. പാലത്തിന്റെ പ്രവേശന പാതയുടെ പണി പൂർത്തിയാക്കാനാകാത്തതാണ് തടസ്സം. പാലം പ്രവർത്തന സജ്ജമാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് വിവരം. ഇല്ലിക്കൽ മുതൽ കുമരകം വരെ 14 കിലോമീറ്ററോളം ദൂരത്തെ റോഡ് വികസനത്തിന് എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന് നാട്ടുകാർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.