കോട്ടയം: കക്കൂസ് കുഴിയുടെ ടാങ്ക് പൊതുവഴിയിൽ സ്ഥാപിച്ച സംഭവത്തിൽ കമീഷൻ ഉത്തരവ് നടപ്പിലാക്കാത്ത കോട്ടയം നഗരസഭ സെക്രട്ടറിയെ വിളിച്ചുവരുത്താൻ മനുഷ്യാവകാശ കമീഷൻ തീരുമാനിച്ചു. നവംബറിൽ കോട്ടയം പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ നേരിട്ട് ഹാജരായില്ലെങ്കിൽ 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരവും 2023 ലെ ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും നടപടിയെടുക്കുമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. സിറ്റിങ് തീയതി പിന്നീട് അറിയിക്കും.
ഉത്തരവിന്റെ പകർപ്പ് രജിസ്റ്റേഡ് തപാലിൽ നഗരസഭ സെക്രട്ടറിക്ക് അയച്ചു. മള്ളുശ്ശേരി ചെരുവുകാലയിൽ ജോസഫ് മാനുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി. മള്ളുശ്ശേരി സ്വദേശി കുഞ്ഞച്ചനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിക്കാരന്റെ വീട്ടിലേക്കുള്ള വഴിയിൽ എതിർകക്ഷി കക്കൂസിന്റെ കുഴിയെടുക്കുകയായിരുന്നു. ഇതിനെതിരെയുള്ള പരാതി പരിഹരിക്കാൻ കമീഷൻ കോട്ടയം നഗരസഭ സെക്രട്ടറിക്ക് 2022 സെപ്റ്റംബർ 27ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. ഇതോടെ പരാതിക്കാരൻ വീണ്ടും കമീഷനെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്ന് സിറ്റിങിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് നാലുതവണ നോട്ടീസയച്ചെങ്കിലും സെക്രട്ടറി ഹാജരായില്ല. അവധിയും സമർപ്പിച്ചില്ല. തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.