കോട്ടയം: അമേരിക്കയിലെ സ്റ്റാൻഫോഡ് സർവകലാശാല തയാറാക്കിയ മികച്ച ശാസ്ത്രജ്ഞരുടെ ലോക റാങ്കിങിൽ 114ാം റാങ്ക് കരസ്ഥമാക്കി മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറും പ്രശസ്ത പോളിമർ ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസ്. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായും റാങ്കിങ്ങിൽ ഇടംപിടിച്ചു. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽനിന്നാണ് രണ്ടു ശതമാനംപേരുടെ പട്ടിക സ്റ്റാൻഫോഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ തയാറാക്കിയത്.
എച്ച് -ഇൻഡക്സ്, ഗ്രന്ഥകർതൃത്വം, ലേഖനങ്ങൾ അവലംബമാക്കുന്നവരുടെ കണക്ക് (സൈറ്റേഷൻസ്) എന്നിവ മാനദണ്ഡമാക്കിയാണ് 22 ശാസ്ത്രമേഖകളിലെയും 176 ഉപമേഖലകളിലെയും ലോക റാങ്കിങ് തയാറാക്കിയത്. ഇൻറർനാഷനൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസ്, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗത്വം നേടിയ പ്രഫ. സാബു തോമസിനെ പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല 'പ്രഫ. അറ്റ് ലൊറൈൻ' പദവിയും സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രഫസർ പദവിയും നൽകി ആദരിച്ചിരുന്നു. മിശ്രസംയുക്ത പദാർഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2015ൽ സൗത്ത് ബ്രിട്ട്‌നി സർവകലാശാലയും 'ഡോക്ടർ ഹൊണോറിസ് കോസ' പദവി നൽകി.
2019ലെ സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്‌കാരവും 2018ലെ മികച്ച അക്കാദമീഷ്യനുള്ള 'ട്രില' പുരസ്‌കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെല്ലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിൻെറ ഡിസ്റ്റിഗ്വിഷ്ഡ് പ്രഫസർഷിപ്പും നേടിയിട്ടുണ്ട്. 2016 ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൽകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷനൽ എജുക്കേഷൻ ലീഡർഷിപ്പ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ സർക്കാർ നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു. ഫോട്ടോ -KTG Prof. Sabu Thomas പ്രഫ. സാബു തോമസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.