: ജില്ലയിലെ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടം. എൽ.ഡി.എഫ് രണ്ട് സീറ്റും യു.ഡി.എഫ് ഒരുസീറ്റും നേടി. കോട്ടയം നഗരസഭയിലെ പുത്തൻതോട് വാർഡ് യു.ഡി.എഫ് നിലനിർത്തിയപ്പോൾ പൂഞ്ഞാർ പഞ്ചായത്തിലെ 15 വർഷമായി പി.സി. ജോർജിന്റെ ജനപക്ഷം കൈവശംവെച്ചിരുന്ന പെരുനിലം വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. മണിമല പഞ്ചായത്തിലെ സിറ്റിങ് സീറ്റ് എൽ.ഡി.എഫ് നിലനിർത്തുകയും ചെയ്തു.
കോട്ടയം നഗരസഭയിലെ ചിങ്ങവനം പുത്തൻതോട് (38) വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി കോൺഗ്രസിലെ സൂസൻ കെ. സേവ്യറാണ് വിജയിച്ചത്. വാശിയേറിയ മത്സരത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയിലെ സുകന്യ സന്തോഷിനെ 75 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സൂസൻ കെ.സേവ്യറിന് 596 വോട്ടും സുകന്യ സന്തോഷിന് 421 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി ആൻസി സ്റ്റീഫൻ 312 വോട്ട് നേടി.
കൗൺസിലറായിരുന്ന കോൺഗ്രസിലെ ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമാണ് സൂസൻ. യു.ഡി.എഫ് വിജയത്തോടെ നഗരസഭയിൽ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും കക്ഷിനില തുല്യമായി. 22 അംഗങ്ങളാണ് ഇരുമുന്നണിക്കുമുള്ളത്. നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്.
പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലം വാർഡിൽ എൽ.ഡി.എഫിലെ സി.പി.എം സ്ഥാനാർഥി ബിന്ദു അശോകൻ 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അട്ടിമറി വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ 15 വർഷമായി പി.സി. ജോർജിന്റെ ജനപക്ഷം കൈവശംവെച്ചിരുന്ന സീറ്റായിരുന്നു. ജനപക്ഷം അംഗമായിരുന്ന ഷെൽമി റെമ്മി വിദേശ ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വന്നത്. ജനപക്ഷത്തെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി യു.ഡി.എഫ് രണ്ടാമതെത്തി.
ബിന്ദുവിന് 264 വോട്ടു ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി മഞ്ജു ജെയ്മോന് 252 വോട്ടുകളാണ് ലഭിച്ചത്. എൻ.ഡി.എ പിന്തുണയോടെ മത്സരിച്ച കേരള ജനപക്ഷം സെക്കുലർ സ്ഥാനാർഥി ശാന്തി ജോസിന് 239 വോട്ടുമാത്രമാണ് നേടാനായത്.
മണിമല പഞ്ചായത്തിലെ മുക്കട ആറാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ സുജ ബാബു വിജയിച്ചു. എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായിരുന്ന ഇവിടെ 127 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുജയുടെ വിജയം. സുജ ബാബുവിന് 423 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി പ്രയസ് ജോസഫിന് 296 വോട്ട് ലഭിച്ചു. മത്സരഫലം ഭരണത്തെ ബാധിക്കില്ല. പതിനഞ്ചംഗ പഞ്ചായത്തിൽ എൽ.ഡി.എഫ്-11, യു.ഡി.എഫ്- നാല് എന്നിങ്ങനെയാണ് കക്ഷിനില.
എൽ.ഡി.എഫ് അംഗമായിരുന്ന സി.പി.എമ്മിലെ വി.കെ. ബാബുവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. സുജ ബാബു അന്തരിച്ച വി.കെ. ബാബുവിന്റെ ഭാര്യയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.