കോട്ടയം: ഉരുൾപൊട്ടൽ ബാധിത മേഖലയായ കൂട്ടിക്കൽ പഞ്ചായത്തിൽ വയോദമ്പതികളുടെ വീടും പുരയിടവും വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ലേലത്തിന്. എട്ടാംവാർഡിൽ വള്ളക്കാട് പരുവക്കാട്ടിൽ ദാമോദരന്റെയും (75) ഭാര്യ വിജയമ്മയുടെയും (71) 10 സെന്റ് പുരയിടവും വീടുമാണ് ലേലത്തിനുവെച്ചത്. വീടും സ്ഥലവും തിരിച്ചുകിട്ടണമെന്നും ജപ്തിനടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലേലംനടക്കുന്ന കേരള ബാങ്ക് കോട്ടയം മേഖല ഓഫിസിന് മുന്നിൽ ഇവർ പ്രതിഷേധവുമായെത്തി. തുടർന്ന് ലേലനടപടി താൽക്കാലികമായി നിർത്തി.
2012ലാണ് ഇവർ തങ്ങളുടെ പേരിലുള്ള അഞ്ചുസെന്റ് വീതം ഈടുവെച്ച് വീടുപണിയാൻ ഏന്തയാർ സഹകരണ ബാങ്കിൽനിന്ന് ആറുലക്ഷം രൂപ വായ്പയെടുത്തത്. മേസ്തിരിപ്പണിക്കാരനായ ദാമോദരൻ കുറച്ചുകാലം തിരിച്ചടച്ചു. 2016ൽ പുതുക്കി ആറുലക്ഷമാക്കി. പിന്നീട് ഹൃദ്രോഗം ബാധിച്ച് പണിക്കുപോവാനാവാത്തതിനാൽ തിരിച്ചടവ് മുടങ്ങി. കോവിഡിന് പിന്നാലെ കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലും കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറാക്കി. ഉരുൾപൊട്ടലിൽ വീടിന് നാശനഷ്ടം സംഭവിച്ചിട്ടില്ലെങ്കിലും പറമ്പ് പൂർണമായി നശിച്ചു. വീടിന്റെ ഇരുവശങ്ങളിലൂടെയാണ് ഉരുൾ പോയത്. ഇപ്പോൾ പലിശയടക്കം 19.20 ലക്ഷം രൂപ തിരിച്ചടക്കണം. മുതൽ മാത്രം 9.20 ലക്ഷം വരും.
കഴിഞ്ഞമാസം ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് നൽകി. സ്ഥലം ബാങ്ക് ഏറ്റെടുത്തതായി വീടിന് മുന്നിൽ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. സ്ഥലം ലേലം ചെയ്യുകയാണെന്നും വാടകവീട് നോക്കാനും ഞായറാഴ്ച പഞ്ചായത്ത് പ്രസിഡന്റ് ഫോണിൽ അറിയിക്കുകയായിരുന്നുവെന്ന് ദാമോദരൻ പറഞ്ഞു. മക്കൾ കൂലിപ്പണിക്കാരനായതിനാൽ ഇത്ര വലിയ തുക തിരിച്ചടക്കാൻ കഴിയില്ല. വീടും സ്ഥലവും തിരിച്ചുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. ജപ്തി ഭീഷണി നേരിടുന്ന കൂട്ടിക്കൽ പ്രദേശവാസികളായ ഇരുപതോളം പേരും പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇവർക്കൊപ്പം പ്രതിഷേധത്തിനുണ്ടായിരുന്നു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി, എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം മിനി കെ.ഫിലിപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.