കോട്ടയം: അമിതാവേശം പ്രകടമാകാത്ത കോട്ടയം മണ്ഡലത്തിലെ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ആശങ്കയും വിജയപ്രതീക്ഷയുമായി മുന്നണികൾ. വോട്ടുകൾ രേഖപ്പെടുത്തിക്കഴിഞ്ഞിട്ടും അത് ആരെ തുണക്കുമെന്ന് വ്യക്തമായി പറയാൻ മുന്നണികൾക്കാകുന്നില്ല. വോട്ടെടുപ്പിനുമുമ്പ് വരെ വിജയം ഉറപ്പിച്ചിരുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളെ ആശങ്കയിലാക്കുന്നത് ബി.ഡി.ജെ.എസ് അധ്യക്ഷൻ കൂടിയായ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യമാണ്. ഈഴവർ ഉൾപ്പെടെ ഹിന്ദുവോട്ടുകൾ നിർണായകമായ വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി, കോട്ടയം നിയമസഭ മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം വർധിച്ചതും അവിടെ എൻ.ഡി.എയുടെ പ്രവർത്തനം ശക്തമായതുമാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്. കഴിഞ്ഞ തവണ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന പി.സി. തോമസ് 1.55 ലക്ഷം വോട്ടുകൾ പിടിച്ച മണ്ഡലത്തിൽ തുഷാറിന് ഇക്കുറി എത്ര വോട്ടുകൾ പിടിക്കാനായി എന്നതാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്. വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനം ചെലുത്താൻ എൻ.ഡി.എക്ക് സാധിച്ചില്ലെന്ന് അവർ പറയുമ്പോഴും ഈ ആശങ്കയുണ്ടെന്നത് സത്യം. കോട്ടയം നിയോജക മണ്ഡലത്തിലുൾപ്പെട്ട ഏഴ് മണ്ഡലങ്ങളിലും രാവിലെ മുതൽ ഒരേ രീതിയിലുള്ള പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ചിലയിടങ്ങളിൽ മാത്രമാണ് വോട്ടിങ് സമയത്തിനുശേഷവും വോട്ട് ചെയ്യാനെത്തിയവരുടെ ക്യൂ കാണാനായത്. ഇവിടങ്ങളിൽ അവസാനം ക്യൂവിൽനിന്ന ആൾ മുതൽ എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാനുള്ള അവസരം നൽകിയതായി വരണാധികാരിയായ ജില്ല കലക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. നിലവിലെ സിറ്റിങ് എം.പിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ തോമസ് ചാഴികാടനും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജും വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ആത്മവിശ്വാസത്തിലാണെങ്കിലും അവരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടെന്നത് വസ്തുതയാണ്. പാലാ, കടുത്തുരുത്തി, ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിൽ ലീഡ് നേടി വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ, കോട്ടയം, പിറവം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ എന്നിവിടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
കഴിഞ്ഞ തവണ എൽ.ഡി.എഫിന് വലിയ മുന്നേറ്റം നടത്താൻ സാധിച്ച ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങളിൽ എൻ.ഡി.എയുടെ സാന്നിധ്യം ദോഷംചെയ്യുമെന്ന ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് ദിനത്തിൽ ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, കോട്ടയം മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥിയുടെ സാന്നിധ്യം വ്യക്തമാണ്. ഇവിടങ്ങളിൽ നല്ല പോളിങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിൽ വോട്ട് ചെയ്ത സ്ത്രീകളുടെ എണ്ണം കുറഞ്ഞതും മുന്നണികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ കണക്കുകൾ കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുകയാണ് മുന്നണികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.