കോട്ടയം: മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് സെപ്റ്റംബർ ഒന്നിന് കൊടിയേറും. 31ന് വൈകിട്ട് സന്ധ്യാപ്രാർഥനയോടെ നോമ്പാചരണത്തിന് തുടക്കമാകും. സന്ധ്യാപ്രാർഥനയെത്തുടർന്ന് വൈദികരുടെയും കത്തീഡ്രൽ ഭാരവാഹികളുടെയും മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ കൽക്കുരിശിൽ തിരിതെളിക്കും. തുടർന്ന് പെരുന്നാളിനോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ കൗണ്ടറുകളുടെ ഉദ്ഘാടനം നടക്കും.
കരോട്ടെ പള്ളിയിൽ സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ രാവിലെ ആറിന് വി. കുർബാനയും കത്തീഡ്രലിൽ സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ രാവിലെ 7.30ന് പ്രഭാത പ്രാർഥനയും 8.30ന് വി. കുർബാനയും വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയും ഉണ്ടായിരിക്കും. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെ ഉച്ചക്ക് 12ന് മധ്യാഹ്ന പ്രാർഥനയും രാവിലെ 11നും ഉച്ചക്ക് 2.30നും പ്രസംഗവും സെപ്റ്റംബർ ഒന്നു മുതൽ രണ്ടുവരെ വൈകിട്ട് ആറിന് ധ്യാനവും നടക്കും.
ഒന്നിന് മൂന്നിന്മേൽ കുർബാനക്ക് സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. ഉച്ചക്ക് രണ്ടിന് കൊടിമരഘോഷയാത്രക്കായി പള്ളിയിൽനിന്ന് പുറപ്പെടും. 4.30ന് തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ കൊടിമരം ഉയർത്തും. മെറിറ്റ് ഡേയും വയോജനങ്ങളെ ആദരിക്കലും സെപ്റ്റംബർ മൂന്നിന് വൈകീട്ട് ആറിന് നടക്കും. സെപ്റ്റംബർ നാലിന് വൈകുന്നേരം ആറിന് പൊതുസമ്മേളനം. പ്രധാന പെരുന്നാൾ ദിനമായ എട്ടിന് മൂന്നിന്മേൽ കുർബാനക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രീഗോറിയോസ് മുഖ്യകാർമ്മികത്വം വഹിക്കും. ഉച്ചക്ക് രണ്ടിന് കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശിർവാദം. വൈകുന്നേരം മൂന്നിന് നടക്കുന്ന നേർച്ചവിളമ്പോടെ പെരുന്നാൾ സമാപിക്കും.
കോട്ടയം: എട്ടുനോമ്പ് ആചരണത്തിന്റെ ആരംഭസ്ഥാനമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി കത്തീഡ്രൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 60 ലക്ഷത്തോളം വിശ്വാസികളാണ് പെരുന്നാൾ ദിനങ്ങളിൽ ഇവിടേക്ക് കടന്നുവരുന്നത്.
സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നാളിനായി ഒരുക്കിയിരിക്കുന്നത്. പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തും. പള്ളിയിലും പരിസരങ്ങളിലും നിലവിലുള്ള സി.സി.ടി.വി കാമറകൾക്ക് പുറമേ കുടുതൽ കാമറകൾ സ്ഥാപിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയന്ത്രണത്തിന് സെപ്റ്റംബർ ആറ്, ഏഴ്, എട്ട് തീയതികളിൽ വൺവേ സംവിധാനം നടപ്പാക്കും. തെക്കുവശത്തും വടക്ക് വശത്തുമുള്ള മൈതാനങ്ങളിലും സെന്റ് മേരീസ് കോളജ് ഗ്രൗണ്ട്, സെന്റ് മേരീസ് ഐടിസി ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ഭക്തർക്കും സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ വടക്കുവശത്തെ പാരീഷ് ഹാളിൽനിന്ന് സൗജന്യ നേർച്ചക്കഞ്ഞി ലഭിക്കും. പെരുന്നാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ സെപ്റ്റംബർ 1 മുതൽ 14വരെ ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ സഹവികാരി കുറിയാക്കോസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ കറുകയിൽ, ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത് വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.