ടോറസുടമകളുടെ വില്ലത്തരത്തിന് നോ പറഞ്ഞ് മാണി സി. കാപ്പൻ താരമായി

മേലുകാവ്: സിനിമാ സ്റ്റൈലിൽ വില്ലത്തരവുമായി ടോറസ് ഉടമകൾ എത്തിയപ്പോൾ ആ വില്ലത്തരം പാലായിൽ ചെലവാകില്ലെന്നു സിനിമാതാരം കൂടിയായ മാണി സി. കാപ്പൻ എം.എൽ.എ. നാട്ടുകാർ തടഞ്ഞിട്ട ടോറസുകളുമായി കടക്കാൻ ശ്രമിച്ചപ്പോൾ നാടൻ ശൈലിയിൽ മുണ്ടുമടക്കിക്കുത്തി മുന്നിൽ കിടന്ന ടോറസിൻെറ ഡോറു തുറന്ന് താക്കോൽ എം.എൽ.എ വലിച്ചൂരി. ഇതുകണ്ട നാട്ടുകാർ കൈയടിച്ചു. ഇതോടെ ടോറസുടമകൾ വാഹനങ്ങളുമായി പോകുന്നതിൽ നിന്നും പിൻവാങ്ങി.

കാഞ്ഞിരം കവലയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി കൊച്ചോലിമാക്കൽ മേഴ്സി ജെയിംസിൻെറ വീടിന് ഉണ്ടായ നാശനഷ്ടം പരിഹരിക്കാൻ ചേർന്ന ചർച്ചയ്ക്കിടെയാണ് സംഭവം. തുടർന്നു പുനരാരംഭിച്ച ചർച്ചയെത്തുടർന്ന് വീടിനുണ്ടായ നഷ്ടത്തിന് പരിഹാരം നൽകാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉടമ്പടി ശനിയാഴ്ച 10ന് മേലുകാവ് പോലീസ് സ്റ്റേഷനിൽ നടക്കും. വീടിന് ഉണ്ടായ നാശനഷ്ടം മേലുകാവ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ, ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ എന്നിവർ എത്തി വിലയിരുത്തും. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്നാണ് അനുമാനിക്കുന്നത്. ഇൻഷുറൻസ് തുകയ്ക്ക് പുറമെ നഷ്ടമുണ്ടായതിൻെറ പൂർണ്ണ ഉത്തരവാദിത്തം പാറമട ഉടമ വഹിക്കുമെന്നാണ് ധാരണ. ഒപ്പം പൂർണമായി തകർന്ന രണ്ട് ബൈക്കുകളുടെയും ഭാഗികമായി തകർന്ന കാറിൻെറയും ഇൻഷ്വറൻസ് തുകയ്ക്ക് പുറമെയുള്ള തുക ടോറസ് ഉടമയും വഹിക്കും. വീട് പുനർനിർമ്മിക്കുന്നതുവരെ ചിലവാകുന്ന മൂന്ന് മാസവാടകയായി 20000 രൂപയും നഷ്ടപരിഹാരമായി നൽകും.

മാണി സി. കാപ്പൻ എം.എൽ.എയുടെ അധ്യക്ഷതയിൽ മേലുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.ജെ ബെഞ്ചമിൻ തടത്തിപ്ളാക്കൽ, മേലുകാവ് സർക്കിൾ ഇൻസ്പെക്ടർ ഷിബു പാപ്പച്ചൻ, മേലുകാവ് രണ്ടാം വാർഡ് മെമ്പർ പ്രസന്ന സോമൻ, എം.എ.സി.എസ് പ്രസിഡൻറ് ജോസഫ് ജേക്കബ്, ജന പ്രതിനിധികൾ എന്നിവർ മധ്യസ്ഥ ചർച്ചക്ക് നേതൃത്വം നൽകി.

ഇനിയൊരു അപകടം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ. ചർച്ചയിൽ തീരുമാനമായതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞ ടോറസ് വാഹനങ്ങൾ വിട്ടയച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.