വൈക്കം: വൈക്കത്ത് കവിത വക്കീലിനെ അറിയാത്തവരായി ആരുമില്ല. ആറടി ഉയരവും ചിരി മങ്ങാത്ത മുഖവുമുള്ള വക്കീലിനെ ഒരിക്കൽ കണ്ടാൽ ആരും മറക്കില്ല. തോട്ടകത്തെ കൊച്ചുകുട്ടികൾക്കുവരെ ചങ്കായ അഡ്വ. കെ.കെ. കവിതക്ക് പറയാൻ ഒരുപാടുണ്ട് വിശേഷങ്ങൾ.
‘‘ഉയരം കൊണ്ട് ഗുണവും ദോഷവും ഉണ്ടായിട്ടുണ്ട്. എന്നെ കാണുമ്പോൾ ആളുകൾക്ക് ആദ്യം ആശ്ചര്യമായിരുന്നു. പിന്നീട് കളിയാക്കലുകളായി. അത് പിന്നീട് പരിചിതത്വത്തിലേക്ക് വഴിമാറി. ഇപ്പോൾ കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ എവിടെ ചെന്നാലും തിരിച്ചറിയും. ഉയരമാണ് എന്റെ അടയാളം. അമ്മയുടെ കുടുംബത്തിലെ മിക്കവർക്കും ഉയരമുണ്ട്. അക്കൂട്ടത്തിലെ ഏക പെൺതരിയാണ് ഞാൻ - കവിത പറയുന്നു. 192 സെന്റിമീറ്ററാണ് ഉയരം. ഉയരക്കൂടുതൽ കൊണ്ട് വിവാഹം നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. ടോൾ മാൻ അസോസിയേഷനിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു.
എന്നാൽ അതിന് മുമ്പേ അടൂർ സ്വദേശി സുധീർ ജീവിതപങ്കാളിയായി. സുധീർ ട്യൂണീഷ്യയിലാണ് ജോലി ചെയ്യുന്നത്. ഏക മകൻ ആദിൽ എസ്. നായർ തോട്ടകം എസ്.എൻ.ഡി.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വൈക്കം, കോട്ടയം, ആലപ്പുഴ കോടതികളിലാണ് കവിത പ്രവർത്തിക്കുന്നത്. അധികവും എം.എ.സി.ടി കേസുകളിലാണ് ഹാജരാകുന്നത്. യാത്രക്കായി സ്വകാര്യ ബസുകളിൽ കയറുമ്പോൾ മുകളിൽ തല ഇടിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.
മനസ്സിന് ഇണങ്ങിയ വസ്ത്രങ്ങളും ചെരുപ്പും യോജിച്ച അളവിൽ കിട്ടാതായി. ഇങ്ങനെ പോകുന്നു കവിത വക്കീലിന് ഉയരക്കൂടുതൽ കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ. വസ്ത്രങ്ങൾ തുണി വാങ്ങി സ്വയം തയ്ച്ചും 12'' അളവിലുള്ള പുരുഷന്മാരുടെ ചെരുപ്പുകൾ ഉപയോഗിച്ചും ബുദ്ധിമുട്ടുകൾ മറികടന്നു. യാത്രക്കായി സ്വന്തം വാഹനം ഉപയോഗിക്കാൻ തുടങ്ങിയതോടെ ആ പ്രശ്നത്തിനും പരിഹാരമായി. 2008ലെ അഷ്ടമിയുടെ ഇടയിൽ മൃദംഗത്തിലും അരങ്ങേറ്റം കുറിച്ചു. വൈക്കം ഗോപാലകൃഷ്ണനാണ് ഗുരു.
2018ൽ മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ സിനിമയിൽ കോടതി സീനുകളിൽ കവിത വക്കീൽ ഉണ്ടായിരുന്നു. വൈക്കത്തും പരിസര പ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും. അഭിനേതാക്കളായ നെടുമുടി വേണു, നിമിഷ സജയൻ തുടങ്ങിയവരെ പരിചയപ്പെട്ടതിന്റെ ആവേശം ഇപ്പോഴുമുണ്ട്. ഛോട്ടാ വിപിൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ‘പോർക്കളം’ സിനിമയിലും നായകനൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.