മുണ്ടക്കയം: ഏന്തയാർ ഈസ്റ്റ് -മുക്കുളം റോഡിൽ വലയിഞ്ചിപ്പടിയിലെ പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. 2021 ലെ പ്രളയത്തിലാണ് പാലം തകർന്നൊഴുകിപ്പോയത്. 15 ലക്ഷം രൂപ മുടക്കി നിർമിച്ച കോൺക്രീറ്റ് നടപ്പാലവും റോഡും പ്രളയത്തിൽ തകർന്നതോടെ നാടിന്റെ സഞ്ചാരമാർഗം ഇല്ലാതായി. കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതും സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനു നാട്ടുകാരുടെ ആശ്രയവും ആയിരുന്നു ഈ പാലം. പാലം ഇല്ലാതായതോടെ മറുകരയിൽ എത്താൻ ആറു കിലോമീറ്റർ അധികം സഞ്ചരിക്കണം.
50 മീറ്റർ അകലെയുള്ള ഒലയനാട് ഗാന്ധി സ്മാരക സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും അഞ്ചു കിലോമീറ്റർ ചുറ്റിസഞ്ചരിച്ചാണ് സ്കൂളിൽ എത്തുന്നത്. കർഷകരും സാധാരണക്കാരായ തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഇതുമൂലം അധിക ബാധ്യതയായി. പാലത്തിന്റെ ഒരു തൂണുമാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ വലയിഞ്ചിപ്പടിയിലെ നടപ്പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.