കോട്ടയം: മാന്നാനം പാലം അപകടാവസ്ഥയിലായതോടെ നാട്ടുകാർക്ക് ഭീതിയാത്ര. കൈപ്പുഴ-മാന്നാനം റോഡിലെ 50 വർഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ കൈവരികൾ ദ്രവിച്ച നിലയിലാണ്. തുണുകൾക്ക് ബലക്ഷയമുണ്ടെന്നും നാട്ടുകാർ പറയുന്നു. പാലം തകരുമെന്നു കാട്ടി നാട്ടുകാർ പരാതി നൽകിയതോടെ പുതിയ പാലത്തിനായി സർക്കാർ നാലുകോടി രൂപ അനുവദിച്ചിരുന്നു. ഇതിനുപിന്നാലെ നിർമാണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. ഒരുവർഷമായി നിർമാണം നിലച്ചിരിക്കുകയുമാണ്. ഇത് പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതിനോട് ചേർന്നുള്ള അപ്രോച്ച് റോഡിന്റെ അവസ്ഥയും ശോച്യമാണ്.
റോഡിൽ രൂപപ്പെട്ട ചെറുതും വലുതുമായ കുഴികളിൽ വെള്ളം നിറഞ്ഞനിലയിലാണ്. മഴയിൽ തകർന്ന റോഡിൽ ചളിയും നിറയും. ചിലയിടങ്ങളിൽ മീറ്ററുകളോളം റോഡ് പൂർണമായി തകർന്നുകിടക്കുകയാണ്. ചിലയിടങ്ങളിൽ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. നിരവധി വാഹനങ്ങൾ അടക്കം കടന്നുപോകുന്ന റോഡാണ് തകർന്നു കിടക്കുന്നത്. റോഡിന്റെ ഇരുവശവും കാടുകയറിയ നിലയിലാണ്. കാൽനടക്കാർ ഇഴജന്തുക്കളെയും പേടിക്കണമെന്നതാണ് സ്ഥിതിയെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി ഇതുവഴി നടക്കാൻപോലും പേടിയാണെന്ന് ഇവർ പറയുന്നു. മാന്നാനം സ്കൂളിലേക്കുള്ള വിദ്യാർഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. റോഡിന്റെ വശങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്നും റോഡ് ഉടൻ നവീകരിക്കണമെന്നും നാട്ടുകാർ പറയുന്നു. എത്രയുംവേഗം പാലം നിർമാണം പൂർത്തിയാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.