കോട്ടയം: മരണത്തോട് മല്ലടിക്കുന്ന ജെറോമെന്ന പിഞ്ചുകുഞ്ഞിനുവേണ്ടി നാടൊന്നിച്ചപ്പോള്‍ അതിരമ്പുഴയില്‍ പെയ്തിറങ്ങിയത് കാരുണ്യപ്പെരുമഴ. കുഞ്ഞിന്റെ ചികിത്സയ്ക്കായി 30 ലക്ഷം രൂപ പ്രതീക്ഷിച്ചാണ് പഞ്ചായത്തും പ്രത്യാശയും ധനസമാഹരണം നടത്തിയത്. എന്നാല്‍, അഞ്ച് മണിക്കൂര്‍ കൊണ്ട് അതിരമ്പുഴ നിവാസികള്‍ മനസ്സറിഞ്ഞ് നല്‍കിയത് 90,96,147 രൂപ.
രക്താര്‍ബുദത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ എം.വി.ആര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറുവയസ്സുകാരന് ജെറോം കെ.ജസ്റ്റിന്റെ ചികിത്സക്കായി അതിരമ്പുഴ പഞ്ചായത്തും സന്നദ്ധ സംഘടനയായ പ്രത്യാശയും ചേര്‍ന്ന് രൂപവത്കരിച്ച ജറോം ജീവന് രക്ഷാസമിതിയാണ് ഞായറാഴ്ച അതിരമ്പുഴയില്‍ ധനസമാഹരണം നടത്തിയത്.
മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി 30ലക്ഷം രൂപയായിരുന്നു ചെലവ്. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളെ ചെറിയ യൂനിറ്റുകളായി തരംതിരിച്ച് സ്ക്വാഡുകളായി തിരിച്ചാണ് വളന്റിയര്‍മാര്‍ വീടുകള്‍ കയറിയത്. മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കാതെ വരികയോ ചികിത്സക്കുശേഷവും പണം അവശേഷിക്കുകചെയ്താല് പഞ്ചായത്തിലെ തന്നെ മറ്റ് രോഗികളുടെ അവയവമാറ്റ ശസ്ത്രക്രിയക്കായി പണം ഉപയോഗിക്കാനാണ് തീരുമാനം. മന്ത്രി വി.എന്‍. വാസവനും 10,000 രൂപ നൽകിയിരുന്നു.
മന്ത്രി വി.എന്‍. വാസവന്, ജറോമിന്റെ പിതാവ് ജസ്റ്റിന് പ്രതീകാത്മകമായി തുക കൈമാറി. പിന്നീട് തുക അതിരമ്പുഴ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചു. ചികിത്സാവശ്യത്തിനുള്ള തുക കുടുംബത്തിന് കൈമാറും. അതിരമ്പുഴ ഫൊറോന വികാരി ഡോ. ജോസഫ് മുണ്ടകത്തില്‍, ചങ്ങനാശ്ശേരി പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി, ജില്ല പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആന്‍സ് വര്‍ഗീസ്, ജയിംസ് കുര്യന്, അന്നമ്മ മാണി, ഒന്നാംവാര്‍ഡ് മെംബര്‍ ജോജോ ആട്ടേല്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍ ജോസഫ് പാറപ്പുറം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.