കോട്ടയം: പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ച് പെട്രോള്‍-ഡീസല്‍ പമ്പുകള്‍ തുടങ്ങാൻ ഭവനനിർമാണ ബോര്‍ഡ്. ഇതിനായി കഴിഞ്ഞദിവസം ബോർഡ് ടെൻഡർ ക്ഷണിച്ചു. ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
ദേശീയ-സംസ്ഥാന പാതകളോട് ചേർന്ന അനുയോജ്യമായ ആറ് സ്ഥലങ്ങളാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്. പമ്പ് സ്ഥാപിക്കാൻ കമ്പനികൾക്ക് സ്ഥലം വിട്ടുകൊടുക്കാനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. നേരത്തേ സ്വന്തം നിലയിൽ പമ്പ് സ്ഥാപിക്കുന്നത് ആലോചിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സ്ഥലം 20 വർഷത്തേക്ക് വാടകക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു.
എറണാകുളത്ത് സീ പോർട്ട്-എയർപോർട്ട് റോഡിനോട് ചേർന്ന് ഇരുമ്പനത്തുള്ള 48 സെന്‍റ്, കണ്ണൂർ തോട്ടടയിലെ ദേശീയപാതയോട് ചേർന്നുള്ള 16.99 സെന്‍റ്, തിരുവനന്തപുരം ഉള്ളൂരിലെ 29.5 സെന്‍റ്, കോഴിക്കോട് ഇരിങ്ങാടൻ പള്ളിയിലെ 36.47 സെന്‍റ്, കോഴിക്കോട്ടെ തന്നെ ചേവരമ്പലം (60.44 സെന്‍റ്), തൃശൂർ മുളങ്കുന്നത്തുകാവ് (60 സെന്‍റ്) എന്നീ സ്ഥലങ്ങളിൽ പമ്പ് സ്ഥാപിക്കാനാണ് ടെൻഡർ.
വാടകക്കൊപ്പം സെക്യൂരിറ്റി ഇനത്തിൽ വലിയൊരു തുകയും ബോർഡ് ലക്ഷ്യമിടുന്നുണ്ട്. സാമ്പത്തികഞെരുക്കത്തിനിടെ ഇത് ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടൽ. നേരത്തേ ഇന്ധന പമ്പുകൾ തുറക്കാൻ പദ്ധതി ആവിഷ്കരിച്ചിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് നിശ്ചലമായി. ഇതിനാണ് വീണ്ടും ജീവൻവെച്ചത്. ഇതിന്‍റെ തുടർച്ചയായാണ് കഴിഞ്ഞദിവസം ടെൻഡർ പ്രസിദ്ധീകരിച്ചത്. വെള്ളിയാഴ്ച വരെയാണ് ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇതിനു മുന്നോടിയായി ബോർഡ് അധികൃതർ പൊതുമേഖല എണ്ണക്കമ്പനികളുമായി ആശയവിനിമയവും നടത്തിയിരുന്നു. സ്വകാര്യ കമ്പനികളെ ആദ്യഘട്ടത്തിൽ പരിഗണിക്കില്ല.
ഭവന പദ്ധതികൾ ആവിഷ്കരിക്കാൻ രൂപംനൽകിയ ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനു പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ഇന്ധന പമ്പുകൾ അടക്കമുള്ള പുതിയ പദ്ധതികൾ. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തടക്കം ഫ്ലാറ്റ് നിർമിക്കുന്ന പദ്ധതികൾക്കും തുടക്കമിട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പാര്‍പ്പിട പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.