മുണ്ടക്കയം: മോട്ടോർ വാഹന വകുപ്പ് ബസ് സ്റ്റാൻഡുകളിൽ പരിശോധന നടത്തി. ജില്ല എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തി. 103 വാഹനങ്ങൾക്കെതിരെ കേസെടുത്തു. 14 ബസുകൾ വേഗപ്പൂട്ട് ഇല്ലാതെ ഓടുന്നതായി കണ്ടെത്തി. ഈ ബസുകളുടെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കി. കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്ക് പിഴ ചുമത്തി. എയർ ഹോൺ ഉപയോഗിച്ച ബസുകൾക്കും പിഴയീടാക്കി.
ബസുകളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന മ്യൂസിക് സിസ്റ്റം പിടിച്ചെടുത്ത് പിഴയീടാക്കി. ട്രിപ് മുടക്കി മുണ്ടക്കയം ബൈപാസ് റോഡിൽ പാർക്ക് ചെയ്തിരുന്ന നാലു ബസിനെതിരെ കേസെടുത്തു. ആകെ 1,20,000 രൂപ പിഴ ചുമത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ബസുകളിലും പരിശോധന നടത്തി. ജില്ല എൻഫോഴ്സ്മെന്റ് മേധാവി സി. ശ്യാംമിന്റെ നിർദേശ പ്രകാരം നാല് സ്പെഷൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. ഇൻസ്പെക്ടർമാരായ ബി. ആഷ കുമാർ, ജോസ് ആന്റണി എന്നിവരുടെ നേതൃത്വം നൽകി. മനോജ് കുമാർ, ഗണേഷ് കുമാർ, രജനീഷ്, സി.ആർ. രാജു, സുജിത്ത്, സെബാസ്റ്റ്യൻ, ദിപു ആർ. നായർ എന്നിവരും പങ്കെടുത്തു.
‘ഒളിച്ച്’ സ്വകാര്യ ബസുകൾ
മുണ്ടക്കയം: വാഹന പരിശോധകരെത്തിയപ്പോൾ ബസ് സ്റ്റാൻഡിലെ സ്വകാര്യ ബസുകൾ പലതും മുങ്ങി. നിയമലംഘകരെ പിടികൂടാൻ മിന്നൽ പരിശോധക്കായി മോട്ടോർ എൻഫോഴ്സ്മെന്റ് ടീം എത്തിയപ്പോൾ ബസ് സ്റ്റാൻഡിൽ സ്ഥിരമായി പാർക്ക് ചെയ്യുന്ന പല ബസുകളും കാണാതായി.
കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവിടങ്ങളിൽ രാവിലെ പരിശോധന നടന്നിരുന്നു. തൊട്ടുപിന്നാലെയായിരുന്നു മുണ്ടക്കയത്തും സംഘം എത്തിയത്.
ഇവർ എത്തുന്നതിന് മുമ്പേയാണ് സ്റ്റാൻഡിലുണ്ടായിരുന്ന ബസുകൾ മുങ്ങിയത്. എങ്കിലും മണിക്കൂറുകളോളം സ്റ്റാൻഡിൽ പരിശോധന തുടർന്ന സംഘം നിരവധി നിയമലംഘകരെ കണ്ടെത്തി പിഴയീടാക്കിയാണ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.