മുണ്ടക്കയം: ദേശീയ പാതയിൽ മുണ്ടക്കയത്തിനും 35ാം മൈലിനുമിടയിൽ അപകടങ്ങൾ വർധിക്കുമ്പോഴും സുരക്ഷാക്രമീകരണം അകലെ. പഴയ വെടിമരുന്ന് കടക്ക് സമീപമാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. മണ്ഡലകാലത്തിന് മുന്നോടിയായി 35 മൈൽ മുതൽ സെന്റ് ലൂയിസ് സ്കൂളിന് മുൻവശം വരെ റോഡിന്റെ വശങ്ങളിൽ സുരക്ഷ ക്രമീകരണം ഒരുക്കിയിരുന്നു.
എന്നാൽ, നിരവധി അപകടങ്ങൾ നടക്കാറുള്ള പഴയ വെടിമരുന്നുകടക്ക് മുൻവശത്ത് സുരക്ഷ ഒരുക്കാത്തത് അപകടങ്ങൾ വർധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. പ്രദേശത്ത് ഏതാനും വർഷങ്ങൾക്കിടെ ചെറുതും വലുതുമായ അപകടത്തിൽ പത്തോളം ജീവനാണ് പൊലിഞ്ഞത്.
വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ പ്രദേശവാസികളായ മൂന്നുപേരാണ് ഇവിടെ വാഹനമിടിച്ച് മരണപ്പെട്ടത്. കൂടാതെ കാൽനടക്കാരായ സ്കൂൾ വിദ്യാർഥി അടക്കമുള്ളവരും അപകടത്തിൽ മരിച്ചിട്ടുണ്ട്.
ദേശീയപാതയുടെ വശങ്ങളിലൂടെ ഒഴുകുന്ന നെടുംതോട്ടിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിലും ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ശബരിമല തീർഥാടന കാലം ആരംഭിച്ചതോടെ വീതി കുറവുള്ള റോഡിൽ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കമുള്ള തീർഥാടന വാഹനങ്ങൾ അമിത വേഗത്തിലാണ് കടന്നുപോകുന്നത്.
റോഡിന്റെ വശത്ത് സുരക്ഷാ സംവിധാനം ഒന്നുമില്ലാത്തതിനാൽ നിയന്ത്രണം തെറ്റിയാൽ വാഹനങ്ങൾ നെടുംതോട്ടിലേക്ക് പതിക്കും. ഇത് അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കും. മറ്റ് മേഖലയിൽ ക്രാഷ് ബാരിയർ നിർമിച്ച് സുരക്ഷ ഒരുക്കിയപ്പോൾ റോഡിന്റെ ഈ ഭാഗത്തും സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, തുടർനടപടി ഒന്നുമുണ്ടായില്ലെന്നും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.