കോട്ടയം: നഗരസഭ ഭരണത്തിൽ നിർണായകമാകുന്ന കോട്ടയം നഗരസഭ പുത്തൻതോട് (38) വാർഡിലെ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി നിർണയത്തിലേക്ക് മുന്നണികൾ. കോൺഗ്രസ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ മരണത്തെ തുടർന്നാണ് വാർഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. 30നാണ് ഉപതെരഞ്ഞെടുപ്പ്. ഭരണം യു.ഡി.എഫിനാണെങ്കിലും കൗൺസിലിൽ അംഗബലം കൂടുതൽ എൽ.ഡി.എഫിനാണെന്നത് ഉപതെരഞ്ഞെടുപ്പിനെ നിർണായകമാക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി നിർണയവും പൂർത്തിയാക്കി. സുകന്യ സന്തോഷാകും എൽ.ഡി.എഫ് സ്ഥാനാർഥി. ഇതുസംസബന്ധിച്ച് എൽ.ഡി.എഫിൽ തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. എൽ.ഡി.എഫിൽ സി.പി.ഐക്കാണ് സീറ്റ്. ഭരണവിരുദ്ധ വികാരം ഉൾപ്പെടെ വോട്ടായി മാറി വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൽ.ഡി.എഫിന്റെ മുഴുവൻ പ്രവർത്തനങ്ങളും പൂർത്തിയായതായി പ്രതിപക്ഷ നേതാവ് ഷീജ അനിൽ പറഞ്ഞു.
നഗരസഭയിലെ ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഷീജ പറഞ്ഞു. യു.ഡി.എഫിലും സ്ഥാനാർഥി ചർച്ച ആരംഭിച്ചു. മേല്‍ക്കൈയുള്ള വാര്‍ഡിൽ വിജയം ഉറപ്പാണെന്നും സ്ഥാനാര്‍ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് പ്രാഥമിക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചതായും സ്ഥാനാര്‍ഥി നിര്‍ണയം ഉടൻ ഉണ്ടാകുമെന്നും നഗരസഭ വൈസ് ചെയര്മാൻ ബി. ഗോപകുമാർ പറഞ്ഞു. യു.ഡി.എഫിന് വിജയം ഉറപ്പുള്ള വാര്‍ഡാണിത്.
ഭരണനേട്ടങ്ങളും ജിഷയുടെ പ്രവർത്തന നേട്ടങ്ങളും യു.ഡി.എഫിനു ഗുണകരമാണെന്നും ഗോപകുമാർ പറഞ്ഞു. പുതിയ സാഹചര്യത്തിൽ ശക്തമായ മത്സരം നടത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പിയും. ഇരുമുന്നണിക്കും അംഗബലം തുല്യമായിരുന്ന നഗരസഭയിൽ നിലവിൽ എൽ.ഡി.എഫിന് 22ഉം യു.ഡി.എഫിന് 21 സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് എട്ടു സീറ്റ്. ഉപതെരഞ്ഞെടുപ്പിൽ വിജയം യു.ഡി.എഫിനാണെങ്കിൽ ഭരണത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാം. എൽ.ഡി.എഫിനാണ് വിജയമെങ്കിൽ അവിശ്വാസം ഉൾപ്പെടെയുള്ള നീക്കങ്ങളിലേക്ക് വീണ്ടും നീങ്ങാം.
ഭരണം തുടങ്ങുമ്പോൾ എൽ.ഡി.എഫ് -22, യു.ഡി.എഫ് - 21, ബി.ജെ.പി -എട്ട് എന്നിങ്ങനെയായിരുന്നു അംഗബലം. 52ാം വാർഡിൽനിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യനെ കൂടെ നിർത്തിയാണ് യു.ഡി.എഫ്- 22 എന്ന സംഖ്യയിലെത്തിയത്.
തുടർന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിക്കുകയും ബിൻസി ചെയർപേഴ്സനാവുകയുമായിരുന്നു. അഞ്ചുവർഷം അധ്യക്ഷപദവി വാഗ്ദാനം ചെയ്താണ് ബിൻസിയെ യു.ഡി.എഫ് ഒപ്പം കൂട്ടിയത്.
യു.ഡി.എഫിലെ അസ്ഥിരത മുതലെടുത്ത് എൽ.ഡി.എഫ് രണ്ടുതവണ അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. ആദ്യ തവണ ബി.ജെ.പി പിന്തുണച്ചതോടെ ബിൻസി പുറത്തായെങ്കിലും പിന്നീട് നടന്ന അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നതോടെ ബിൻസി വീണ്ടും അധ്യക്ഷയായി. രണ്ടുമാസം മുമ്പ് വീണ്ടും എൽ.ഡി.എഫ് അവിശ്വാസ നീക്കം നടത്തിയെങ്കിലും ബി.ജെ.പി പിന്തുണക്കാതിരുന്നതോടെ പാസായില്ല.
ഇരുമുന്നണിക്കും നിർണായകമായ തെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ യു.ഡി.എഫ് ശ്രമിക്കുമ്പോൾ അട്ടിമറി വിജയത്തിലൂടെ കക്ഷിനിലയിൽ മുന്നിലെത്താനാണ് എൽ.ഡി.എഫ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.