പള്ളിക്കത്തോട്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അകലകുന്നം സ്വദേശിയായ തേക്കുംകുന്നേൽ വീട്ടിൽ എം.ടി. രതീഷിനെ കൊലപ്പെടുത്തിയ കേസിൽ കടലുമ്മാക്കൽ ആലേകുന്നേൽ വീട്ടിൽ ഉണ്ണി എന്ന എം.ജി. ശ്രീജിത്താണ് (27) പിടിയിലായത്.
കഴിഞ്ഞദിവസം രാത്രി രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ലാക്കൽ കോളനിയിലേക്കുള്ള റോഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മരക്കമ്പുകൊണ്ട് രതീഷിന്റെ കൈകാലുകളും കഴുത്തും വാരിയെല്ലുകളും അടിച്ചൊടിക്കുകയും ചവിട്ടി ആന്തരികാവയവങ്ങൾക്ക് കേടു വരുത്തിയുമാണ് കൊലപ്പെടുത്തിയത്. ഇയാൾക്ക് രതീഷിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമിച്ചത്.
തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ടു. ജില്ല പൊലീസ് മേധാവി എ. ഷാഹുൽഹമീദ് ജില്ലയിലെ മുഴുവൻ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കുറവിലങ്ങാടിന് സമീപത്ത് നിന്ന് പിടികൂടുന്നത്. എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐമാരായ ഷാജി, ജോബി ജേക്കബ്, എ.എസ്.ഐമാരായ ജയചന്ദ്രൻ, റെജി ജോൺ, ജയരാജ്, സി.പി.ഒമാരായ രാജേഷ്, അനീഷ് ഐപ്പ്, ഷമീർ, രാഹുൽ, ശാന്തി, മധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.