കോട്ടയം: യാത്രക്കാർ ഒന്നടങ്കം പാലരുവിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ കോട്ടയം വഴി രാവിലെ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിൻ യാത്ര ദുരിതമായി. വൻതിരക്കാണ് പാലരുവിയിൽ അനുഭവപ്പെടുന്നത്.
തിങ്കളാഴ്ചകളിൽ ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള കോച്ചുകൂടി സ്ത്രീകൾക്ക് തുറന്നുനൽകുകയാണ് ഇപ്പോൾ. ട്രെയിന്റെ പടികളിൽ വരെ നിന്നു യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വേണാട് സ്ഥിരമായി തൃപ്പൂണിത്തുറയിൽ എത്തുന്ന സമയം വൈകുന്നതിനാലാണ് യാത്രക്കാർ പാലരുവി ആശ്രയിക്കാൻ തുടങ്ങിയത്. വന്ദേഭാരതിന് വേണ്ടി വേണാട് 10 മിനിറ്റ് വൈകി 5.25ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിധം ക്രമീകരിച്ചതാണ് പ്രതിസന്ധിയായത്. ഇപ്പോൾ വേണാട് 20 മുതൽ 30 മിനിറ്റുവരെ വൈകിയാണ് കോട്ടയം, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ എത്തുന്നത്. ഇതോടെ കാക്കനാട്, ഐ.ടി മേഖലകളിൽ ജോലിനോക്കുന്ന നിരവധി യാത്രക്കാർ ഓഫിസിൽ സമയം പാലിക്കാൻ പാലരുവിയിലേക്ക് മാറി. കോട്ടയത്തെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നോക്കുന്നവർക്കുപോലും 8.50ന് ശേഷമെത്തുന്ന വേണാടിൽ വന്നാൽ സമയത്ത് ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നില്ല. വേണാടിൽ വിശ്വസിച്ച് കയറാൻ പറ്റാത്ത അവസ്ഥയാണ്. വേണാടും പാലരുവിയും തമ്മിൽ ഒന്നരമണിക്കൂറിലേറെ വ്യത്യാസത്തിലാണ് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്നത്. വന്ദേഭാരതിന് ശേഷം കോട്ടയത്തെത്തുന്ന രീതിയിൽ കൊല്ലം-എറണാകുളം മെമു /പാസഞ്ചർ പരിഗണിച്ചാൽ മാത്രമേ തിരക്കുകൾക്ക് പരിഹാരമാകൂ എന്ന് യാത്രക്കാർ പറയുന്നു.
സമയക്രമത്തിൽ ചെറിയ ചില വ്യത്യാസങ്ങൾ വരുത്തി കൂടുതൽ ട്രെയിനുകൾ അനുവദിക്കാതെ തന്നെ പരിഹരിക്കാവുന്ന വിഷയം അനുദിനം കൂടുതൽ സങ്കീർണമാകുകയാണ്. ഇരട്ടപ്പാതയുടെയും വേഗവർധനയുടെയും ഭാഗമായി നടപ്പാക്കിയ സമയപരിഷ്കാരങ്ങളൊന്നും യാത്രക്കാർക്ക് ഗുണപ്രദമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.