കോട്ടയം: നഗരസഭയിലെ നിലാവ് പദ്ധതിക്കാവശ്യമായ ബൾബുകൾ നൽകാത്ത കമ്പനിയെ കരിമ്പട്ടികയിൽപെടുത്താൻ നടപടി സ്വീകരിക്കാമെന്ന് കെ.എസ്.ഇ.ബി. പദ്ധതിയുടെ അപാകതകൾ ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്.
ഓണത്തിനുമുമ്പ് നഗരത്തിലെ ബൾബുകൾ തെളിക്കും. ബൾബുകൾ എത്തുന്ന മുറക്ക് വാർഡുകളിൽ ലഭ്യമാക്കും. എല്ലാ വാർഡുകളിലും തുല്യ എണ്ണം ബൾബുകൾ സ്ഥാപിക്കാമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറിയിച്ചു.
മുനിസിപ്പൽ പരിധിയിൽ പഴയ ബൾബുകൾ മാറ്റി എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. 10718 ബൾബുകളാണ് 52 വാർഡുകളിലായി ഇതുവരെ സ്ഥാപിച്ചത്.
ഏഴുവർഷത്തേക്ക് രണ്ട് കമ്പനിയുമായാണ് കരാർ. എന്നാൽ, ഒരു കമ്പനി ബൾബുകൾ യഥാസമയം എത്തിക്കാൻ തയാറാവുന്നില്ല. ഇക്കാര്യം ഉന്നത തലത്തിൽ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. കമ്പനിക്ക് ഒരവസരം കൂടി നൽകിയിട്ടും ശരിയായില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുന്നതടക്കം നടപടികൾ ശിപാർശ ചെയ്യും. കെ.എസ്.ഇ.ബി ഇംപ്ലിമെന്റിങ് ഏജൻസി മാത്രമാണ്.
തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പദ്ധതിയെകുറിച്ച് വ്യാപക പരാതിയാണ് കൗൺസിലർമാർ ഉന്നയിച്ചത്. പല വാർഡുകളിലും വ്യത്യസ്ത എണ്ണം ബൾബുകളാണ് സ്ഥാപച്ചത്. ഊരിക്കൊണ്ടുപോയ ട്യൂബ്ലൈറ്റിനു പകരം ബൾബ് നൽകിയിട്ടില്ല. പ്രധാനപ്പെട്ട പല റോഡുകളും ഓണക്കാലത്തും ഇരുട്ടിലാണ്.
കണക്ടറുകളും ഫ്യൂസുകളും കാലഹരണപ്പെട്ടതിനാൽ ഷോക്കടിക്കുന്ന അവസ്ഥയുണ്ട്. ഉദ്യോഗസ്ഥർ കൃത്യമായി ജോലി ചെയ്യാത്തതിന്റെ പഴി തങ്ങളാണ് കേൾക്കുന്നതെന്നും കൗൺസിലർമാർ കുറ്റപ്പെടുത്തി. ഈസ്റ്റ്, പള്ളം, ഗാന്ധിനഗർ, അയ്മനം ഡിവിഷനുകളിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
കോട്ടയം: നിലാവ് പദ്ധതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പങ്കെടുക്കാത്തത് പ്രതിപക്ഷനേതാവ് അഡ്വ. ഷീജ അനിൽ ചൂണ്ടിക്കാട്ടി. പദ്ധതിയിൽ നഗരസഭ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കിയില്ല. ഉദ്യോഗസ്ഥൻ ഹാജരാവുകയോ ഫയലുകൾ ഹാജരാക്കുകയോ ചെയ്തില്ല. ഇത്ര ഗൗരവമുള്ള വിഷയം നഗരസഭ അലംഭാവത്തോടെയാണ് കണ്ടതെന്നും ഷീജ അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.