കോട്ടയം: ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താനാകാതെ നെട്ടോട്ടമോടി പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ. സർക്കാർ നൽകുന്ന ഫണ്ട് തികയാത്തതാണ് ഇവരെ വലക്കുന്നത്. ഒരു കുട്ടിക്ക് ദിവസം എട്ടുരൂപയാണ് നൽകുന്നത്. 2016ൽ ഏർപ്പെടുത്തിയതാണ് ഇൗ നിരക്ക്. ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, ഗ്യാസ്, പാൽ, മുട്ട, കയറ്റിറക്ക് എന്നിവക്കെല്ലാമുള്ള ചെലവ് ഇതിൽനിന്ന് കണ്ടെത്തണം.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ചേർന്ന യോഗത്തിൽ ഉച്ചവരെയേ ക്ലാസ് ഉണ്ടാവൂ എന്നാണ് അറിയിച്ചിരുന്നത്. അതിനാൽ ഉച്ചഭക്ഷണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അവസരമുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് ഉച്ചഭക്ഷണം നൽകണെമന്ന് സർക്കാർ നിർദേശം നൽകുകയായിരുന്നു. കോവിഡ് മൂലം ക്ലാസുകൾ മൂന്നുദിവസമായി ചുരുക്കിയതോടെ 24 രൂപയാണ് ലഭിക്കുന്നത്. ആഴ്ചയിൽ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം.
ഇതിനുതന്നെ 20 രൂപ ചെലവുണ്ട്. ബാക്കി നാലുരൂപകൊണ്ട് എങ്ങനെ ഭക്ഷണം നൽകുമെന്നാണ് പ്രധാനാധ്യാപകരുടെ ചോദ്യം. അരി മാവേലി സ്റ്റോറിൽനിന്ന് സ്കൂളിലെത്തിക്കും. പാചകത്തൊഴിലാളികൾക്കുള്ള വേതനവും സർക്കാർ നൽകും. മറ്റ് ഭക്ഷ്യവസ്തുക്കളാണ് കണ്ടെത്തേണ്ടത്. കൈയിൽനിന്ന് പണമെടുത്താണ് അധ്യാപകർ ഉച്ചഭക്ഷണത്തിനു ചെലവിടുന്നത്. ഇതുവഴി ആഴ്ചയിൽ 1000 രൂപവരെ പ്രധാനാധ്യാപകർക്ക് നഷ്ടം വരുന്നുണ്ട്. നിലവിൽ ഹെഡ്മാസ്റ്റർമാരുടെ 60 ശതമാനം ജോലികളും ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. അക്കാദമികകാര്യങ്ങൾക്ക് സമയം കിട്ടുന്നില്ല. ഏറ്റവും കൂടുതൽ രേഖകൾ തയാറാക്കി സ്കൂളിൽ സൂക്ഷിക്കേണ്ടതും ഉച്ചഭക്ഷണത്തിേൻറതുതന്നെ.
ഇത് സ്കൂളിെൻറ ഭരണപരവും അക്കാദമികവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഉച്ചഭക്ഷണ നടത്തിപ്പിന് സമൂഹഅടുക്കള േപാലെ സംവിധാനം ആരംഭിക്കുകയോ കുടുംബശ്രീയെ ഏൽപിച്ച് സാമ്പത്തിക കാര്യങ്ങൾ സർക്കാർ അവരുമായി നേരിട്ട് കൈകാര്യം ചെയ്യുകയോ വേണമെന്നുമാണ് പ്രധാനാധ്യാപകരുടെ ആവശ്യം.
വിദ്യാഭ്യാസമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 27ന് പ്രധാനാധ്യാപകർ തിരുവനന്തപുരത്ത് ഡി.ജി.ഇ (ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷൻ) ഓഫിസിനു മുന്നിൽ അടുപ്പുകൂട്ടി സമരം നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് ഇ.ടി.കെ. ഇസ്മായിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.