കോട്ടയം: സുവോ മോട്ടോ കേസുകൾ വർധിക്കുന്നത് ജോലി ഭാരം കൂട്ടുന്നെന്നും ഇത്തരം കേസുകളുടെ എണ്ണം കുറക്കണമെന്നും പൊലീസ് അസോസിയേഷൻ. ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്. പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്യുന്ന കേസുകൾ മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതലാണ്. ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 90 ശതമാനവും സ്വമേധയാ എടുക്കുന്ന (സുവോ മോട്ടോ) കേസുകളാണ്. ചിലപ്പോൾ ടാർജറ്റിന്റെ ഭാഗമായും സുവോ മോട്ടോ എടുക്കേണ്ടിവരുന്നുണ്ട്. ഇത് ലോങ് പെൻഡിങ് വാറന്റ് കേസുകൾ കൂടാൻ ഇടയാക്കുന്നു.
പലപ്പോഴും വാഹനപരിശോധനക്കിടെ പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളിൽ എതിർവിഭാഗം തരുന്നത് തെറ്റായ മേൽവിലാസമായിരിക്കാം. ലോങ് പെൻഡിങ് വാറന്റ് കേസുകളിലെ വിലാസത്തിൽ അന്വേഷിച്ചുചെല്ലുമ്പോൾ ആളെ കാണണമെന്നില്ല. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും ഇത്തരത്തിൽ നിരവധി സുവോമോട്ടോ കേസുകളുണ്ട്. പൊലീസുകാർ ദൈനംദിന ജോലികൾക്ക് പുറമെയാണ് ഈ ഡ്യൂട്ടിയും ചെയ്യുന്നത്. ഇത്തരം കേസുകൾക്ക് പുറകെയുള്ള ഓട്ടപ്പാച്ചിൽ സമയനഷ്ടത്തിനും ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂട്ടാനും ഇടയാക്കുന്നു.
ശബരിമല സീസൺ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന വനിത ഉദ്യോഗസ്ഥർക്ക് വിശ്രമിക്കാൻ എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിൽ 50 പേർക്കെങ്കിലും താമസിക്കാവുന്ന വനിത ബാരക്ക് നിർമിക്കണമെന്നും എരുമേലി സ്റ്റേഷനിലെ വനിത വിശ്രമ മുറിയിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും ക്ലോൺഫ്രീ ഐ.ഡി കാർഡ് അനുവദിക്കണം, . എല്ലാ സ്റ്റേഷനുകൾക്കും ഫിംഗർപ്രിൻറ് മെഷീൻ അനുവദിക്കണം, കോട്ടയം മെഡിക്കൽ കോളജിൽ തടവുകാരെ ചികിത്സിക്കുന്നതിന് വാർഡ് നിർമിക്കണം, കാളകെട്ടി, കോരുത്തോട്, കണമല ഭാഗങ്ങളെ ഉൾക്കൊള്ളിച്ച് പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണം അടക്കമുള്ള ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.