കോട്ടയം: സപ്ലൈകോയുടെ ജില്ല തല ഓണച്ചന്തക്ക് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് തുടക്കം. 13 ഇനം സബ്സിഡി ഉൽപന്നങ്ങൾക്ക് പുറമെ ബ്രാൻഡഡ് ഉൽപന്നങ്ങളും ഹോർട്ടികോർപിന്റെ പച്ചക്കറി, മിൽമ, കേരള സോപ്സ് എന്നീ സ്റ്റാളുകളും ഇതോടൊപ്പമുണ്ട്. ജയ, മട്ട, പച്ചരി, ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ശബരി വെളിച്ചെണ്ണ തുടങ്ങിയവയാണ് സബ്സിഡി ഉൽപന്നങ്ങൾ. പഞ്ചസാരക്ക് അഞ്ച് രൂപയും അരിക്ക് മൂന്നുരൂപയും കൂടിയിട്ടുണ്ട്.
28 രൂപ ആയിരുന്ന പഞ്ചസാരക്ക് ഇപ്പോൾ 33 രൂപയാണ് വില. ഇത്തവണ നിരവധി ഓഫറുകളും ലഭ്യമാണ്. ഉച്ചക്ക് രണ്ടുമുതൽ നാലുവരെ ‘ഡീപ് ഡിസ്കൗണ്ട് അവേഴ്സി’ൽ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഭക്ഷ്യ വസ്തുക്കൾ ഒഴികെയുള്ള 24 ബ്രാൻഡഡ് ഇനങ്ങൾക്കാണ് ഈ ഓഫർ. രാവിലെ 9.30 മുതൽ രാത്രി എട്ടുവരെയാണ് സമയം. ഉത്രാടദിനം വരെ ചന്ത പ്രവർത്തിക്കും. ജില്ലയിൽ താലൂക്കടിസ്ഥാനത്തിലാണ് ഓണച്ചന്തയുടെ പ്രവർത്തനം. മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി കോട്ടയം താലൂക്കിൽ ജില്ല ഫെയർ കൂടാതെ ഏറ്റുമാനൂർ, പുതുപ്പള്ളി എന്നിവിടങ്ങളിലും ചന്തകളുണ്ടാവും. 10നാണ് ഏറ്റുമാനൂരിലും പുതുപ്പള്ളിയിലും ചന്ത തുടങ്ങുക. ജില്ല തല ഓണച്ചന്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.