കോട്ടയം: ഓണം വിപണിയിൽ കോളടിച്ച് കുടുംബശ്രീ. വിപണനമേളകളിലൂടെ 2,59,97,493 രൂപ നേടി കുടുംബശ്രീ ജില്ല മിഷൻ സംസ്ഥാനത്ത് അഞ്ചാം സ്ഥാനം നേടി. പച്ചക്കറി, പൂക്കൾ, സംരംഭകരുടെ വിവിധ ഉൽപന്നങ്ങൾ എന്നിവയാണ് മേളകളിലൂടെ വിറ്റഴിച്ചത്. ജില്ലതല മേള അടക്കം 157 മേളകളാണ് സംഘടിപ്പിച്ചത്. ഒരു പഞ്ചായത്തിൽ ഇത്തവണ രണ്ട് വാർഡിൽ ചന്തകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒരു പഞ്ചായത്തിൽ ഒരു മേളയേ സംഘടിപ്പിച്ചിരുന്നുള്ളൂ. കഴിഞ്ഞ വർഷം ഒന്നരക്കോടിയായിരുന്നു വരുമാനം. ഇത്തവണ വൻവർധനയാണ് ഉണ്ടായിരിക്കുന്നത്. പൂക്കൾ, പച്ചക്കറി, മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനയിലൂടെ 1,24,95,585 രൂപയാണ് വരുമാനം. പച്ചക്കറി വിൽപനയിലൂടെ മാത്രം 1,05,94,714 രൂപയാണ് നേടിയത്. 2,41,850 കിലോ പച്ചക്കറി വിറ്റു. ജില്ലയിൽ 455 ഏക്കറിലായിരുന്നു ഓണം ലക്ഷ്യമിട്ട് കൃഷി നടത്തിയത്. പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങളും സംഭരിച്ചു. നാട്ടിൽ കൃഷി ചെയ്യാത്ത കിഴങ്ങ് പോലുള്ളവ മാത്രമാണ് ഹോർട്ടികോർപ്പിൽനിന്ന് വാങ്ങിയത്. പൂക്കൾ വിറ്റതിലൂടെ 12,58,700 രൂപയാണ് ലഭിച്ചത്. 105 ഏക്കറിലായിരുന്നു പൂകൃഷി. 9327 കിലോ വിറ്റഴിച്ചു. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് പൂകൃഷി നടത്തിയത്. മികച്ച പ്രതികരണം ലഭിച്ചതോടെ ഇത്തവണയും തുടരുകയായിരുന്നു. ബന്ദി, ജമന്തി, വാടാമുല്ല എന്നിവയാണ് കൃഷി ചെയ്തത്.
പ്രാദേശിക ജനതയെ ഏറെ സഹായിച്ചു കുടുംബശ്രീയുടെ പൂവിപണി. 400 രൂപവരെ വിലവരുന്ന തമിഴ്നാടൻ പൂക്കൾക്കു പകരം 200-220 രൂപക്ക് നാടൻ പൂക്കൾ ലഭ്യമാക്കാനായി. അടുത്ത വർഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ആരംഭിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.