കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം വേണ്ടതുണ്ടെന്ന് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട നടപടിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച നിരീക്ഷക മിനി ആൻറണി നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അര്‍ഹരായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച സമയപരിധി 31ന് അവസാനിക്കും.തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി‍െൻറ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിരുന്നതുകൊണ്ട് നിയമസഭ തെരഞ്ഞെടുപ്പി‍െൻറ വോട്ടര്‍ പട്ടികയില്‍ ഉണ്ടാകണമെന്നില്ല.

അതുകൊണ്ടുതന്നെ വോട്ട് ഉറപ്പാക്കുന്നതിന് ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. 2021 ജനുവരി ഒന്നിനോ അതിനു മു​േമ്പാ 18 വയസ്സ്​ തികയുന്ന എല്ലാവരെയും ഉള്‍പ്പെടുത്തിയാണ് രാജ്യത്ത് ആകമാനം പുതിയ വോട്ടര്‍ പട്ടിക തയാറാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ട്. ഇത് മറികടക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കണം. ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്ലാറ്റ്ഫോമുകള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം എല്ലാ വോട്ടര്‍മാരെയും നേരില്‍ കണ്ട് പട്ടികയില്‍ ചേര്‍ക്കുന്നതിന് ബൂത്തുതല ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണം. ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ തുടങ്ങിയവര്‍ക്ക് വോട്ട്​ ചെയ്യുന്നതിന് അവസരം നല്‍കാന്‍ സാമൂഹിക നീതി വകുപ്പ്​ സഹകരണത്തോടെ നടപടികള്‍ സ്വീകരിക്കണം. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍, ഭിന്നലിംഗക്കാര്‍, പ്രവാസികള്‍, സര്‍വിസ് വോട്ടര്‍മാര്‍ തുടങ്ങിവര്‍ക്കും പരിഗണന നല്‍കണം. മരിച്ചുപോയവരെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനും പ്രവാസത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയവരെ ഉള്‍പ്പെടുത്തുന്നതിനും ശ്രദ്ധിക്കണം.

താമസസ്ഥലം മാറിയവര്‍ക്കും ഏതെങ്കിലും ഒരിടത്ത് വോട്ടു ചെയ്യാന്‍ അവസരമുണ്ടെന്ന് ഉറപ്പാക്കണം. നടപടികളില്‍ രാഷ്​ട്രീയ പാര്‍ട്ടികള്‍ക്ക് സജീവ പങ്കാളിത്തം വഹിക്കാനാകും-നിരീക്ഷക നിര്‍ദേശിച്ചു.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ജനുവരി 15വരെ നീട്ടുന്നതിന് ശിപാര്‍ശ ചെയ്യണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്​ട്രീയ കക്ഷി പ്രതിനിധികളും ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച യോഗതീരുമാനം രേഖാമൂലം നല്‍കിയാല്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷ‍െൻറ ശ്രദ്ധയില്‍പെടുത്താമെന്ന് മിനി ആൻറണി അറിയിച്ചു.

ജില്ലതലത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കലക്ടര്‍ എം. അഞ്ജനയും താലൂക്ക് തലത്തിലെ പ്രവര്‍ത്തനം തഹസില്‍ദാര്‍മാരും വിശദീകരിച്ചു. തോമസ് ചാഴികാടന്‍ എം.പി, ഡോ. എന്‍. ജയരാജ് എം.എല്‍.എ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി. മനോജ്, എ.ഡി.എം അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - One more week to add name to voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.