കോട്ടയം: വേനൽ മഴ ശക്തിപ്പെടുമെന്ന മുന്നറിയിപ്പുകൾക്കിടെ, പാടത്ത് വൻതോതിൽ നെല്ല് കെട്ടികിടക്കുന്നു. മില്ലുകൾ നെല്ല് സംഭരിക്കാൻ തയാറാകാത്തതാണ് ഇതിന് കാരണം. തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലായി നിരവധി പാടശേഖരങ്ങളിലാണ് സംഭരിക്കാതെ നെല്ല് കിടക്കുന്നത്.
ചെങ്ങളം-കേളക്കരി മാടപ്പള്ളിക്കാട് പാടശേഖരത്തെ 160 ഏക്കറിലെ നെല്ല് കൊയ്ത്ത് കഴിഞ്ഞ് പത്ത് ദിവസമായിട്ടും പാടത്തുതന്നെയാണ്. 72 കര്‍ഷകരുടെ മാസങ്ങള്‍ നീണ്ട അധ്വാനമാണ് മില്ലുകാര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ നശിക്കുന്നത്. കൊയ്ത നാള് മുതല്‍ കര്‍ഷകർ നെല്ല് ഉണക്കാനും ഈര്‍പ്പം തട്ടാതിരിക്കാനും പാടത്തുതന്നെയാണ്. ഏകദേശം 90 ക്വിന്റലാണ് പാടശേഖരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂന കൂട്ടി ഇട്ടിരിക്കുന്നത്. മാടേക്കാട് പാടത്തെ 200 ഏക്കറിലെ നെല്ലും മില്ലുകാരെ കാത്തുകിടക്കുകയാണ്.
കർഷക പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസം ചെങ്ങളം നാലുതോട് പാടത്തിലെ നെല്ല് ആഴ്ചകള്‍ക്കു ശേഷം സംഭരിച്ചു തുടങ്ങിയിരുന്നു.
കണക്കുപ്രകാരമുള്ള സംഭരണം അവസാനിച്ചു, ഗോഡൗണുകളിൽ സ്ഥലമില്ല എന്നീ കാരണങ്ങൾ പറഞ്ഞാണ് മില്ലുകൾ നെല്ല് സംഭരിക്കാൻ മടിക്കുന്നത്.
അത്യുഷ്ണത്തെത്തുടര്‍ന്ന് ഉൽപാദനം കുറഞ്ഞതാണ് മില്ലുകാരുടെ അവഗണനക്ക് കാരണമമെന്ന് കര്‍ഷകർ പറയുന്നു. നെന്മണി ഉറക്കുന്ന സമയത്ത് പൊള്ളുന്ന ചൂടായതിനാൽ കതിരിനേക്കാൾ കൂടുതൽ പതിരാണ് ഇത്തവണ വിളഞ്ഞത്. ഇതോടെ, ഉൽപാദനം കുത്തനെ ഇടിഞ്ഞു. എല്ലാ സീസണിലും 20-25 ക്വിന്റൽ നെല്ല് ഒരു ഏക്കറിൽനിന്ന് കിട്ടിയിരുന്ന മാടപ്പള്ളിക്കാട് പാടശേഖരത്തിലെ പല കര്‍ഷകര്‍ക്കും ഇത്തവണ അഞ്ച് മുതൽ എട്ടുവരെ ക്വിന്റൽ നെല്ല് മാത്രമാണ് ലഭിച്ചത്. അഞ്ചു ക്വിന്റല്പോലും ലഭിക്കാത്ത കര്‍ഷകരുമുണ്ട്.
ഏക്കറിന് 20,000 രൂപ പാട്ടം നല്കി കൃഷി നടത്തിയവരാണ് ഏറെയും. ഇത്തവണ രോഗബാധ കൂടുതലായതിനാൽ മരുന്നിനായി വൻ തുക ചെലവഴിക്കേണ്ടി വന്നു. മുൻ കൃഷിയുടെ പണം സമയത്ത് ലഭിക്കാത്തതിനാൽ മിക്ക കർഷകരും പണം വായ്പയായും കൊള്ളപ്പലിശക്ക് വാങ്ങിയുമാണ് ഇത്തവണ കൃഷിയിറക്കിയത്. ഈ പണം തിരികെ കൊടുക്കാൻ മാർഗം അന്വേഷിക്കുകയാണ് കർഷകർ. അവസാനഘട്ടത്തിൽ നെല്ല് നൽകുന്നവര്‍ക്ക് പണം ലഭിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നതും തിരിച്ചടിയാകുന്നതായി കർഷകർ പറയുന്നു. നെല്ല് പാടത്ത് കിടക്കുന്നതിനിടെ മഴ കനക്കുമെന്ന മുന്നറിയിപ്പുകൾ കർഷകരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്. മഴ പെയ്താൽ ഈർപ്പത്തിന്റെ പേരിൽ കൂടുതൽ കിഴിവ് മില്ലുകൾ ആവശ്യപ്പെടുമെന്ന ആശങ്കയും കർഷകർക്കുണ്ട്. പ്രശ്നപരിഹാരത്തിന് സപ്ലൈകോ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.