കോട്ടയം: ഭക്തരുടെ അനിയന്ത്രിത തിരക്കിനെത്തുടർന്ന് എരുമേലിയിലും പമ്പയിലും നിലക്കലിലും കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിടുന്നതിനാൽ നരകയാതന അനുഭവിച്ച് സ്പെഷൽ സർവിസ് ജീവനക്കാർ. കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും ഇതുവരെ അലവൻസും കിട്ടിയില്ല. ബസുകൾ യഥാസമയം തിരിച്ചെത്താത്തതിനാൽ കോട്ടയത്ത് ആവശ്യത്തിന് യാത്രസൗകര്യമില്ലാതെ ഭക്തരും വലയുന്നു. ഇതേച്ചൊല്ലിയുള്ള അസ്വാരസ്യങ്ങളും വേറെ. ആറാം തീയതി മുതൽ ഭക്തരുടെ വരവ് വർധിച്ചതോടെയാണ് പമ്പ, എരുമേലി പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്.
ഇതോടെ ഗതാഗതം നിയന്ത്രിക്കുന്നതിന് വാഹനങ്ങൾ പിടിച്ചിട്ടു. പമ്പ സ്പെഷൽ സർവിസുകൾ അടക്കം പൊലീസ് തടഞ്ഞു. അഞ്ചുമണിക്കൂറോളം ബസുകൾ തടഞ്ഞിടുന്നതോടെ ഭക്തർക്കൊപ്പം ഡ്രൈവർമാരും ബുദ്ധിമുട്ടിലായി. ഡ്രൈവർമാർ പലവിധ അസുഖങ്ങളുള്ളവരും മരുന്ന് കഴിക്കുന്നവരുമൊക്കെയാണ്. ഒറ്റയിരിപ്പിരുന്ന ഡ്രൈവർമാർക്ക് കാലിൽ നീരുവെച്ച് അനക്കാനാകാത്ത സ്ഥിതിയായി. ഒരു ഡ്യൂട്ടി കഴിയുമ്പോഴേക്കും അവർ അവശരാകും. കഴിഞ്ഞ ദിവസം എട്ട് ഡ്രൈവർമാർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഇവർ വീടുകളിലേക്ക് മടങ്ങിയതോടെ പകരം ആളെവെച്ചാണ് ബസ് ഓടിച്ചത്.
സമയത്ത് ഓടി തിരിച്ചെത്താത്തതിനാൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഭക്തർക്ക് യാത്രാസൗകര്യം നൽകാനായില്ല. തുടർന്ന് ലൈനിൽനിന്ന് വരുമാനം കുറഞ്ഞ സർവിസുകൾ എടുക്കുകയായിരുന്നു. 44ബസുകളാണ് പമ്പ, എരുമേലി സർവിസിനായി അനുവദിച്ചിട്ടുള്ളത്. ഇതടക്കം 80 ബസുകളാണ് കഴിഞ്ഞ ദിവസം ഓടിച്ചത്. ആഴ്ചാവസാനവും രണ്ടാംശനിയും വന്നതുകൊണ്ടായിരിക്കാം തിരക്ക് കൂടിയതെന്നാണ് അധികൃതർ കരുതുന്നത്. അടുത്തയാഴ്ച അത് കണക്കിലെടുത്ത് കൂടുതൽ ബസുകളും ജീവനക്കാരെയും നിയോഗിക്കുമെന്നും ഭക്തർക്ക് തടസ്സമില്ലാതെ യാത്ര നടത്താൻ സംവിധാനം ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.