കോട്ടയം: വർഷകാലത്ത് പന്നഗം തോട്ടിൽ അടിക്കടി ഉണ്ടാകുന്ന പ്രളയം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മറ്റക്കരയെ. പുളിക്കൽ കവല, ഏഴാംമൈൽ, പള്ളിക്കത്തോട് ഭാഗങ്ങളിലൊക്കെ ഒന്നോ രണ്ടോ തവണ മാത്രം പന്നഗത്തിലെ പ്രളയം ബാധിച്ചപ്പോൾ 2015 മുതൽ എല്ലാ വർഷവും നിരവധി തവണയാണ് മറ്റക്കരയിൽ പന്നഗം പ്രളയം വിതച്ചത്. ഇതിൽ 2021ൽ മാത്രം പത്തിലേറെ തവണ മറ്റക്കരയിൽ പന്നഗം കരകവിഞ്ഞു.
നൂറുകണക്കിന് വളവുള്ള പന്നഗത്തിൽ ശാസ്ത്രീയമല്ലാതെ പണിത തടയണകളും അതിൽ അടിയുന്ന ചളിയും വെള്ളപ്പൊക്കത്തിന് ഗുരുതര കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുമ്പോഴും പരിഹാരമാർഗങ്ങൾ ഇപ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. പല സ്ഥലത്തും തോട് കൈയേറി വീതി കുറഞ്ഞതായി പരക്കെ ആക്ഷേപമുണ്ട്.
പ്രദേശിക ഭരണകൂടങ്ങൾ മുൻകൈയെടുത്ത് തോട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കി വീതിയും ആഴവും കൂട്ടണമെന്ന് പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. രണ്ടുവർഷം മുമ്പ് ഇറിഗേഷൻ അധികൃതർ മറ്റക്കരയിൽ പന്നഗം തോട് സന്ദർശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ തോട്ടിലെ മണ്ണ് വാരി മാറ്റുമെന്നും വെള്ളപ്പൊക്കത്തിന് പ്രധാന കാരണമാകുന്ന പടിഞ്ഞാറെ പാലം തടയണയുടെ അശാസ്ത്രീയത പരിഹരിക്കുമെന്നും ഉറപ്പ് നൽകിയതുമാണ്. പക്ഷേ, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ പരിഹാര പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കംമൂലം നിരവധി പേരുടെ കൃഷിയും വീട്ടുവസ്തുക്കളും എല്ലാ വർഷവും നശിക്കുന്ന കാഴ്ച ഇപ്പോൾ പതിവാണ്. പടിഞ്ഞാറേ പാലം, ചുവന്ന പ്ലാവ് എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസ്സവും സ്ഥിരം കാഴ്ചയാണ്.തച്ചിലങ്ങാട്, ചുവന്ന പ്ലാവ്, നെല്ലിക്കുന്ന്, വാഴപ്പള്ളി പാലം, പടിഞ്ഞാറെ പാലം തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം ഗുരുതരമായി ബാധിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന മേഖല കൂടിയാണിത്.
മണലും ചളിയും വൻതോതിൽ അടിഞ്ഞതും മാലിന്യം കൂടിയതും തടയണകളുടെ അതിപ്രസരവുമാണ് തോടിന്റെ ഒഴുക്കിനെ തടയുന്നത്. അനാവശ്യ തടയണകൾ പൊളിച്ചുമാറ്റുകയും മണ്ണും ചളിയും വാരിമാറ്റുകയും ചെയ്ത് തോട്ടിലെ കൈയേറ്റം അവസാനിപ്പിച്ച് വീതി പുനഃസ്ഥാപിച്ചാൽ പെട്ടെന്നുണ്ടാകുന്ന പ്രളയത്തിന് പരിഹാരം കാണാൻ പറ്റും എന്നാണ് ജനാഭിപ്രായം. പടിഞ്ഞാറേ പാലം കടവിലെ ചപ്പാത്ത് പൊളിച്ചുനീക്കി പാലം ഉയർത്തി പണിയണം എന്നതും വർഷങ്ങൾ പഴക്കമുള്ള ആവശ്യമാണ്.പന്നഗം തോട്ടിലേക്ക് ഒഴുകി വരുന്ന കൈത്തോടുകളുടെയും സ്ഥിതി മറ്റൊന്നല്ല. വിഷയത്തിൽ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് പന്നഗം പുനർജനി സമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.