കോട്ടയം: മെഡിക്കൽ കോളജ് വെന്റിലേറ്ററിൽ കഴിയുന്ന അഞ്ചുവയസ്സുകാരിയായ മകളുടെ ജീവൻ കൈയിൽപിടിച്ച് കാത്തിരിക്കുകയാണ് മാതാപിതാക്കളായ സിബിയും ജോയ്സും. ഇടക്കിടെ ആ കുഞ്ഞുമുഖത്ത് തെളിയുന്ന പുഞ്ചിരി എന്നും കാണാൻ കഴിയണമെന്നത് മാത്രമാണ് ഇവരുടെ പ്രാർഥന. ഡോക്ടർമാർ കൂടെയുണ്ട്. വേണ്ടത് സുമനസ്സുകളുടെ കരുതലും സഹായവും മാത്രം.
പാലാ മുത്തോലി പഞ്ചായത്തിൽ വെള്ളിയേപ്പള്ളി ഏഴാം വാർഡിൽ സിബി ജോസഫിന്റെയും വെള്ളരിങ്ങാട്ട് ജോയ്സിന്റെയും ഇളയ മകളാണ് ഹന്ന സിബി. ജനിച്ചപ്പോൾ മുതൽ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ രോഗത്താൽ കഷ്ടപ്പെടുകയാണ് ഈ കുഞ്ഞ്. എട്ടുമാസം കഴിഞ്ഞപ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു ചികിത്സ. 18 കോടിയോളം രൂപ വിലയുള്ള മരുന്ന് രണ്ടര വയസ്സിനുള്ളിൽ കുത്തിവെച്ചിരുന്നെങ്കിൽ രോഗശമനം ഉണ്ടായേനെ. പക്ഷേ, ഈ നിർധന കുടുംബത്തിന് അതിനു സാധിച്ചില്ല.
സർക്കാറിന്റെ സൗജന്യ മരുന്ന് ഒക്ടോബർ മുതൽ എസ്.എ.ടി ആശുപത്രിയിൽനിന്ന് ലഭ്യമാകുന്നുണ്ട്. 12 ദിവസം കൂടുമ്പോഴാണ് മരുന്ന് നൽകേണ്ടത്. കഴിഞ്ഞദിവസം ശ്വാസതടസ്സം അധികമായതിനെത്തുടർന്നാണ് ഹന്നയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. ബുധനാഴ്ച വെന്റിലേറ്ററിലാക്കി.
പിതാവ് സിബി പെയ്ന്റിങ് തൊഴിലാളിയാണ്. നിവർന്നിരിക്കാൻ കഴിയാത്തതിനാൽ എപ്പോഴും ജോയ്സ് കൂടെയുണ്ടാവണം. എട്ട് സെന്റ് സ്ഥലത്ത് പണിതീരാത്ത വീട്ടിലാണ് ഇവർ കഴിയുന്നത്. സേറ സിബിയാണ് മൂത്ത മകൾ. പാലാ സൗത്ത് കടയം ഗവ. എൽ.പി.എസിലെ പ്രീ പ്രൈമറി വിദ്യാർഥിനിയായ ഹന്നയെ സഹായിക്കാൻ അധ്യാപകരും രക്ഷാകർത്താക്കളും ഒന്നിച്ചിട്ടുണ്ടെങ്കിലും അതും മതിയാകാത്ത അവസ്ഥയാണ്. ജോയ്സിന്റെ ഗൂഗിൾ പേ നമ്പർ: 99471 01272. കൂടുതൽ വിവരങ്ങൾക്ക്: ഹെഡ്മിസ്ട്രസ് ജി. ബിന്ദു 9656413041, രൺദീപ്- 9562384667, രാജീവ് രാജൻ- 9961716090.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.