കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ച സ്ഥലത്ത് പേ ആൻഡ് പാർക്കിങ് സംവിധാനം തുടങ്ങി. തിങ്കളാഴ്ച മുതലാണ് മുനിസിപ്പൽ ജീവനക്കാർ പണം പിരിക്കാൻ തുടങ്ങിയത്. മണിക്കൂറിന് 25 രൂപയാണ് നിരക്ക്. സ്ഥലം അളന്നു തിരിച്ചശേഷം പുതിയ കെട്ടിടം വരുന്നതുവരെ പാർക്കിങ്ങിന് നൽകാനാണ് കൗൺസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ, അളന്നുതിരിച്ചിട്ടില്ല.
മുന്നൊരുക്കമില്ലാതെ വരുമാനം ലക്ഷ്യമിട്ടുമാത്രം തുടങ്ങിയ പാർക്കിങ് പരിസരത്തെ കടക്കാർക്കും ഓട്ടോ-ടാക്സി ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കും ദുരിതമാകുകയാണ്. കെട്ടിടം പൊളിച്ചിട്ടതിന്റെ പൊടിയാണ് മൈതാനത്ത് മുഴുവൻ. വാഹനങ്ങൾ വന്നുകയറുമ്പോഴും ഇറങ്ങുമ്പോഴും പൊടിശല്യം രൂക്ഷമാകും.
മൈതാനത്തിനു നടുവിലൂടെ ടെമ്പിൾറോഡിൽനിന്ന് തിരുനക്കര റോഡിലേക്ക് കയറുന്ന വാഹനങ്ങളും കടന്നുപോകുന്നുണ്ട്. കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അത് മാറ്റി മൈതാനം നിരപ്പാക്കുകയോ വെള്ളമൊഴിച്ച് പൊടി ഇല്ലാതാക്കാനോ ഉള്ള ശ്രമം നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
മൈതാനത്തിന്റെ മൂന്നുഭാഗവും തുറന്നുകിടക്കുന്നതിനാൽ ഏതുഭാഗത്തുകൂടി വാഹനം കയറിവരുമെന്നോ ഇറങ്ങിപ്പോകുമെന്നോ പറയാനാവില്ല. ബലക്ഷയത്തിന്റെ പേരിൽ 52 വ്യാപാരികളെ വഴിയാധാരമാക്കി കെട്ടിടം പൊളിച്ചുകളഞ്ഞ സ്ഥലത്താണ് നഗരസഭ പണം വാങ്ങി പാർക്കിങ് നടത്തുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാക്കി വ്യാപാരികൾക്ക് പുനരധിവാസം നൽകാൻ ആർക്കും താൽപര്യമില്ല.
തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്തുകൂടി സ്വകാര്യബസുകൾ കടത്തിവിടണമെന്നാണ് യാത്രക്കാരുടെയും സമീപത്തെ കടയുടമകളുടെയും ആവശ്യം. ഇപ്പോൾ ബസുകൾ പല സ്ഥലങ്ങളിലായാണ് നിർത്തുന്നത്. യാത്രക്കാർ ഓടി മടുത്തു. സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തതിനാൽ കടകളിൽ ആരും കയറാത്ത അവസ്ഥയാണ്.
തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടം പൊളിച്ച കരാറുകാരൻ മൈതാനത്തുനിന്ന് മണ്ണുകടത്തിയ സംഭവത്തിൽ കൃത്യമായ റിപ്പോർട്ട് നൽകാതെ എൻജിനീയറിങ് വിഭാഗം. കഴിഞ്ഞയാഴ്ച നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനാൽ തിരിച്ചയച്ചതായി ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
അടിയന്തരമായി റിപ്പോർട്ട് നൽകണമെന്ന് ചെയർപേഴ്സൻ നിർദേശിച്ചു. ആദ്യം കൗൺസിലിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമായിരുന്നു. ഇതേച്ചൊല്ലി കൗൺസിലിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. തുടർന്ന് എൻജിനീയറിങ് വിഭാഗവും സെക്രട്ടറിയും കൗൺസിലർമാരും ചേർന്ന് സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടാണ് അപൂർണമായതിനെത്തുടർന്ന് വീണ്ടും മടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.