കോട്ടയം: നഗരസഭയിലെ കോടികളുടെ തട്ടിപ്പ് അന്വേഷിക്കാൻ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്മെന്റ് സംഘവും എത്തുന്നു. ചൊവ്വാഴ്ച മുതൽ ഇവരുടെ പരിശോധന തുടങ്ങും. നിലവിൽ സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 30 മുതൽ നഗരസഭയിൽ പരിശോധന തുടരുകയാണ്. മൂന്നുവർഷം മുമ്പ് മരിച്ചുപോയ ആളുടെ അക്കൗണ്ടിലേക്ക് പെൻഷൻ നൽകുന്നതടക്കം നിരവധി ക്രമക്കേട് ഈ സംഘം കണ്ടെത്തിയിരുന്നു. 13000ത്തോളം രൂപയാണ് ഈ അക്കൗണ്ടിലേക്ക് സർവിസ് പെൻഷനായി ഒരു മാസം വകയിരുത്തുന്നത്.
ഇത്തരത്തിൽ ഇനിയും വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് സൂചന. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡെപ്യൂട്ടി സെക്രട്ടറി, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട്, സീനിയർ ക്ലർക്ക്, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന ജീവനക്കാരി എന്നിവർ സസ്പെൻഷനിലാണ്.
കോടികളുമായി മുങ്ങിയ മുൻജീവനക്കാരൻ അഖിൽ സി. വർഗീസിനെ ഇപ്പോഴും പിടികൂടാനായില്ല. ജില്ല ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. തമിഴ്നാട്ടിലടക്കം ദിവസങ്ങളോളം പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല. പെൻഷൻ ഫണ്ടിൽനിന്ന് തന്റെ മാതാവിന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് 2.39 കോടിയാണ് അഖിൽ സി. വർഗീസ് മാറ്റിയത്.
പെൻഷൻ ഫണ്ട് കൈകാര്യം ചെയ്തിരുന്ന ജീവനക്കാരിയുടെ പരിചയക്കുറവ് മുതലെടുത്ത് പ്രതി അഖിൽ സഹായിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. തുടർന്ന് ഫയലുകൾ നോക്കിയിരുന്നത് പ്രതിയായിരുന്നു. വൈക്കം നഗരസഭയിലേക്ക് സ്ഥലം മാറിപ്പോയ ശേഷവും കോട്ടയം നഗരസഭയിലെത്തി വൻതുക അക്കൗണ്ടിലേക്ക് മാറ്റി. നഗരസഭയിൽ സ്ഥിരം ഓഡിറ്റ് സംവിധാനം ഉണ്ടായിട്ടും വലിയ തട്ടിപ്പ് കണ്ടുപിടിക്കാനായില്ല. സംഭവം പുറത്തുവന്നതോടെ പ്രക്ഷോഭരംഗത്തിറങ്ങിയ എൽ.ഡി.എഫും ബി.ജെ.പിയും ഇപ്പോൾ അടങ്ങിയ മട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.