കോട്ടയം: നഗരസഭയിൽ ചെയർപേഴ്സനും വൈസ്ചെയർമാനുമെതിരെ എൽ.ഡി.എഫിന്റെ അവിശ്വാസ പ്രമേയം വ്യാഴാഴ്ച ചർച്ച ചെയ്യും. രാവിലെ 11ന് ചെയർപേഴ്സനെതിരായ അവിശ്വാസവും ഉച്ചക്ക് രണ്ടിന് വൈസ്ചെയർമാനെതിരായ അവിശ്വാസവും പരിഗണിക്കും.
നഗരസഭയിൽനിന്ന് ജീവനക്കാരൻ മൂന്നുകോടി തട്ടിയ സംഭവത്തെ തുടർന്നാണ് ഭരണസമിതിക്കെതിരെ അവിശ്വാസ നീക്കം. 52 അംഗങ്ങളുള്ള നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. ബി.ജെ.പിക്ക് എട്ട് അംഗങ്ങളും. ബി.ജെ.പി പിന്തുണ ലഭിച്ചാലേ അവിശ്വാസം വിജയിക്കൂ. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനെതിരെ മൂന്നാംതവണയാണ് അവിശ്വാസം വരുന്നത്. വൈസ് ചെയർമാൻ ബി. ഗോപകുമാറിനെതിരെ ആദ്യമായും.
തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ബിൻസിയെ അഞ്ചുവർഷം അധ്യക്ഷ പദവി വാഗ്ദാനം ചെയ്ത് കൂടെനിർത്തിയാണ് യു.ഡി.എഫ് നഗരസഭ ഭരണം നിലനിർത്തിയത്. അംഗങ്ങളുടെ എണ്ണം 22 വീതം തുല്യമായതോടെ നറുക്കെടുപ്പിലൂടെ ബിൻസി ചെയർപേഴ്സനാകുകയായിരുന്നു.
തുടർന്ന് രണ്ട് അവിശ്വാസപ്രമേയം വന്നെങ്കിലും ബിൻസിയുടെ പദവിക്ക് ഇളക്കം തട്ടിയില്ല. ആദ്യഅവിശ്വാസം വിജയിച്ചെങ്കിലും തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ബിൻസിതന്നെ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ തട്ടിപ്പിന്റെ സാഹചര്യത്തിൽ ബി.ജെ.പി കൂടെനിൽക്കുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. എന്നാൽ, തട്ടിപ്പിനു പിന്നിൽ എൽ.ഡി.എഫ്-യു.ഡി.എഫ് കൂട്ടുകെട്ട് ആരോപിക്കുന്ന ബി.ജെ.പി എന്ത് നിലപാടെടുക്കുമെന്ന് കണ്ടറിയണം.
ആദ്യ അവിശ്വാസം 2021ൽ
2021 സെപ്റ്റംബർ 24നാണ് ചെയർപേഴ്സനെതിരായ ആദ്യഅവിശ്വാസം ചർച്ച ചെയ്യുന്നത്. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയം നൽകിയത്. എട്ട് ബി.ജെ.പി അംഗങ്ങളും പിന്തുണച്ചതോടെ അവിശ്വാസം വിജയിച്ചു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ചെയർപേഴ്സനായി മത്സരിച്ച ബിൻസിക്ക് 22 വോട്ടും എൽ.ഡി.എഫിലെ അഡ്വ. ഷീജ അനിലിന് 21 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗം റീബ വർക്കി എട്ടുവോട്ടും നേടി. സി.പി.എമ്മിലെ ഒരംഗം ആശുപത്രിയിലായതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. അങ്ങനെ ബിൻസി വീണ്ടും അധികാരത്തിലെത്തി.
രണ്ടാമത്തേത് 2023ൽ
2023 ഫെബ്രുവരി 20നാണ് രണ്ടാമത്തെ അവിശ്വാസം പരിഗണിച്ചത്. കോൺഗ്രസ് അംഗം ജിഷ ഡെന്നിയുടെ മരണത്തോടെ യു.ഡി.എഫ് അംഗബലം 21 ആയിരുന്നു. എന്നാൽ, ഈ സാഹചര്യം മുതലെടുക്കാൻ എൽ.ഡി.എഫിനായില്ല. ബി.ജെ.പി അംഗങ്ങൾ പങ്കെടുക്കാതിരുന്നതിനാൽ ക്വോറം തികയാതെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. യു.ഡി.എഫും പങ്കെടുത്തിരുന്നില്ല.
കോട്ടയം: നഗരസഭയിലെ പെൻഷൻ തട്ടിപ്പ് വിഷയത്തിൽ ഡെപ്യൂട്ടി സെക്രട്ടറിക്കും സസ്പെൻഷൻ. ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സിനെയാണ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ചെയർപേഴ്സൻ നേരത്തേ സസ്പെൻഡ് ചെയ്ത മൂന്നു ജീവനക്കാരെയും വീണ്ടും സസ്പെൻഡ് ചെയ്തു. ഇവർക്കെതിരായ സസ്പെൻഷൻ നടപടി കൗൺസിൽ അംഗീകരിച്ചിരുന്നില്ല. ഇതോടെ സസ്പെൻഷൻ റദ്ദായി. അതിനാലാണ് പ്രിൻസിപ്പൽ ഡയറക്ടർ വീണ്ടും ഉത്തരവിറക്കിയത്. ജില്ല ജോയന്റ് ഡയറക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോഴത്തെ നടപടി.
പെൻഷൻ വിതരണം സംബന്ധിച്ച രജിസ്റ്ററുകളും ഫയലുകളും പരിശോധിക്കൽ, മസ്റ്ററിങ് യഥാവിധി നടത്തൽ, പെൻഷൻ വിതരണ ലിസ്റ്റുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ക്രോസ് ചെക്കിങ് നടത്തൽ, സ്ഥലം മാറിപ്പോയ ജീവനക്കാരന് വീണ്ടും നഗരസഭയിലെ പെൻഷൻ ലിസ്റ്റുകൾ കൈകാര്യം ചെയ്ത് ക്രമക്കേട് തുടരാൻ അവസരം ഒരുക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഡെപ്യൂട്ടി സെക്രട്ടറിക്ക് മേൽനോട്ട വീഴ്ച സംഭവിച്ചതായാണ് ജോയന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യം സർക്കാറിനും വകുപ്പിനും അവമതിപ്പുണ്ടാക്കിയതായി ബോധ്യപ്പെട്ടതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവരാണ് സസ്പെൻഷൻ ലഭിച്ച മറ്റ് മൂന്നുപേർ. സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ ഇവരെ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ, 16ന് ചേർന്ന കൗൺസിലിൽ പ്രതിപക്ഷ കൗൺസിലർമാർ സസ്പെൻഷൻ അംഗീകരിച്ചില്ല. തുടർന്ന് ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് സെക്രട്ടറി സർക്കാറിന് സ്പെഷൽ റിപ്പോർട്ട് നൽകുകയായിരുന്നു.
കോട്ടയം: ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യനെതിരായ കൂറുമാറ്റ ഹരജിയിലെ വാദവും അന്തിമഘട്ടത്തിൽ. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ബിൻസി യു.ഡി.എഫ് യോഗങ്ങളിൽ പങ്കെടുത്തതിനെതിരെ എൽ.ഡി.എഫാണ് ഹരജി നൽകിയിട്ടുള്ളത്. അന്തിമഘട്ട വാദം വ്യാഴാഴ്ചയാണ്. അവിശ്വാസം വരുന്നതിനൊപ്പം കോടതിനടപടിയും യു.ഡി.എഫിനെ ആശങ്കയിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.