കോട്ടയം: ക്രൈംബ്രാഞ്ച് വന്നിട്ടും കാര്യമില്ല; നഗരസഭയിൽനിന്ന് കോടികൾ തട്ടിയെടുത്ത പ്രതിയുടെ പൊടി പോലും കണ്ടെത്താനായില്ല. രണ്ടുമാസമായിട്ടും അന്വേഷണം തുടരുകയാണെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ മറുപടി. ആഗസ്റ്റ് 14നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാളെ പിടികൂടി എന്നതുമാത്രമാണ് അന്വേഷണത്തിൽ ആകെയുണ്ടായ പുരോഗതി.
ആഗസ്റ് ഏഴിനാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തുവരുന്നത്. നഗരസഭയിലെ പെൻഷൻ ഫണ്ടിൽനിന്ന് 2.40 കോടി രൂപയാണ് മുൻജീവനക്കാരനായ അഖിൽ സി. വർഗീസ് അമ്മയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയത്. സെക്രട്ടറിയുടെ പരാതിയിൽ വെസ്റ്റ് പൊലീസാണ് ആദ്യം കേസന്വേഷിച്ചത്. വിവരം പുറത്തായ അന്നുതന്നെ കൊല്ലം സ്വദേശിയായ പ്രതി ഒളിവിൽ പോയി. ഒരാഴ്ചക്കുശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാജു വർഗീസിന്റെ നേതൃത്വത്തിൽ നഗരസഭയിലും കൊല്ലത്തും പരിശോധന നടത്തി.
പ്രതിയെത്തേടി തമിഴ്നാട്ടിൽ വരെയെത്തി. ഇതിനിടെയാണ് പ്രതിയുടെ ബന്ധുവായ കൊല്ലം സ്വദേശിയായ ശ്യാം കുമാറിനെ പിടികൂടുന്നത്. ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് യുവാവിന് പുതിയ സിം കാര്‍ഡ് എടുത്തു നൽകുകയും ഒളിവിൽ താമസിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തതായുമായാണ് കണ്ടെത്തിയത്. അഖിൽ സി. വർഗീസിനു പുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവർ നിലവിൽ അന്വേഷണവിധേയമായി സസ്പെൻഷനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.