കോട്ടയം ജില്ലയിൽ പോളിയോ വാക്സിന്‍ വിതരണം ഞായറാഴ്ച

കോട്ടയം: കോവിഡ് പ്രതിരോധ മുന്‍കരുതലുകളോടെ ജില്ലയില്‍ ഇന്ന് (ജനുവരി 31) പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യും. അഞ്ചു വയസില്‍ താഴെയുള്ള 1,11,071 കുട്ടികള്‍ക്ക് മരുന്നു നല്‍കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 1307 വിതരണ കേന്ദ്രങ്ങളിലായി 2614 സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ജില്ലാതല ഉദ്ഘാടനം രാവിലെ ഒന്‍പതിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിക്കും.

ഓരോ കേന്ദ്രത്തിലും വാക്സിന്‍ നല്‍കുന്ന രണ്ട് സന്നദ്ധ പ്രവര്‍ത്തകരും എൻ 95 മാസ്ക്, ഫേസ് ഷീൽഡ് എന്നിവ ധരിക്കും. ബൂത്തിന് പുറത്ത് വച്ചിട്ടുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകൾ ശുചീകരിച്ച ശേഷം മാത്രമേ സന്ദര്‍ശകര്‍ വാക്സിന്‍ ബൂത്തില്‍ പ്രവേശിക്കാവൂ. വീട്ടില്‍നിന്ന് കുട്ടിക്കൊപ്പം ഒരാള്‍ മാത്രം എത്തിയാല്‍ മതിയാകും. എത്തുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

പനി, ചുമ, ജലദോഷം, വയറിളക്കം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ യാതൊരു കാരണവശാലും ബൂത്തിൽ എത്തരുത്. കുട്ടികളുമായി എത്തുന്നവർ കാത്തിരിക്കേണ്ടി വന്നാൽ സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കളാഴ്ച്ചയും, ചൊവ്വാഴ്ച്ചയും ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി നൽകും. ഇത്തരത്തിൽ വീടുകളിലെത്തുന്ന സന്നദ്ധ പ്രവര്‍ത്തകരും കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കും.

വാക്സിന്‍ വിതരണത്തിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഓരോരുത്തര്‍ക്കും മൂന്നു വീതം മാസ്കുകളും ഫേസ് ഷീല്‍ഡുകളും 100 മില്ലി ലിറ്ററിന്‍റെ രണ്ട് സാനിറ്റൈസറുകളും നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.

ഇതിനു പുറമെ 45 ട്രാന്‍സിറ്റ് ബൂത്തുകളും 40 മൊബൈല്‍ ബൂത്തുകളുമുണ്ടാകും. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബോട്ടുജെട്ടികള്‍ എന്നിവിടങ്ങളിലാണ് ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവ സ്ഥലങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എത്തി മരുന്നു വിതരണം ചെയ്യുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യകേരളം, സാമൂഹ്യനീതി വകുപ്പ്, കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാക്ഷരതാ മിഷന്‍, റോട്ടറി ഇന്റര്‍നാഷണല്‍, ലയണ്‍സ് ക്ലബ്ബുകള്‍, റെഡ്‌ക്രോസ്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രതിരോധ മരുന്നു വിതരണം നടത്തുന്നത്.

Tags:    
News Summary - Polio Vaccine supply in Kottayam District on Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.