കോട്ടയം: ഗോവൻ മാതൃകയിൽ കശുമാങ്ങനീരിൽനിന്ന് വീര്യംകുറഞ്ഞ മദ്യം (ഫെനി) ഉൽപാദിപ്പിക്കാൻ സർക്കാറിന്റെ അനുമതി തേടി വീണ്ടും പ്ലാന്റേഷൻ കോർപറേഷൻ. കശുമാങ്ങനീരിൽനിന്ന് മദ്യം (ഫെനി) നിർമിക്കാൻ പയ്യാവൂർ സർവിസ് സഹകരണ ബാങ്കിന് അടുത്തിടെ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്ലാന്റേഷൻ കോർപറേഷൻ വീണ്ടും സർക്കാറിനെ സമീപിക്കുന്നതെന്ന് കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം പറഞ്ഞു.
നേരത്തേ ഫെനി ഉൽപാദിപ്പിക്കാൻ അനുമതിതേടി കോർപറേഷൻ സർക്കാറിനെ സമീപിക്കുകയും പദ്ധതി സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിൽ സർക്കാർ തുടർനടപടി സ്വീകരിച്ചിരുന്നില്ല. എക്സൈസ് ചട്ടങ്ങളിൽ ദേഭഗതി വരുത്തണമെന്നും സർക്കാർ അറിയിച്ചിരുന്നു.
അടുത്തിടെ, പഴവർഗങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാൻ അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്ന് വൈൻ ഉൽപാദന യൂനിറ്റുകൾക്ക് സർക്കാർ ലൈസൻസ് നൽകും. ഇതിനുവേണ്ടി അബ്കാരി നിയമങ്ങളിൽ ഭേദഗതി വരുത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി പുതിയ മദ്യനയത്തിന്റെ കരട് ചട്ടത്തിന്റെ പ്രാഥമിക രൂപരേഖയിൽ കാനറികൾക്ക് ലൈസൻസ് നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബിവറേജസ് കോർപറേഷനാകും സംഭരണ-വിതരണ അവകാശമെന്നും കരടിൽ പറയുന്നു.
പഴങ്ങളിൽനിന്നുള്ള വൈനിനെക്കുറിച്ച് അബ്കാരി നിയമത്തിലോ എക്സൈസ് ചട്ടത്തിലോ പറയുന്നില്ല. ഈ സാഹചര്യത്തിലാണ് 'ഫ്രൂട്ട് വൈൻ' പുതിയ കരടിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിനുപിന്നാലെയാണ് പയ്യാവൂർ സർവിസ് സഹകരണ ബാങ്കിന് അനുമതി നൽകിയത്. എക്സൈസിന്റെ അനുമതികൂടി ലഭിച്ചാലെ ഇവർക്ക് ഉൽപാദനം ആരംഭിക്കാൻ കഴിയൂ.
നിലവിൽ 6000 ഹെക്ടറിലാണ് കോർപറേഷന്റെ കശുമാവ് കൃഷി. കുറച്ചുപഴങ്ങൾ വിൽക്കുന്നുണ്ടെങ്കിലും കൂടുതലും ഉപേക്ഷിക്കുകയാണ്. ഇത്തരത്തിൽ പാഴാക്കിക്കളയുന്ന കശുമാങ്ങ സംസ്കരിച്ച് ഫെനി ഉൽപാദിപ്പിക്കുന്നത് കർഷകർക്ക് ഗുണകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
പദ്ധതി വിജയിച്ചാൽ കശുമാവിൻ കൃഷി വിപുലമാക്കാനും കോർപറേഷൻ ആലോചിക്കുന്നുണ്ട്. ഒരുകിലോ കശുമാങ്ങ സംസ്കരിച്ചാൽ 5.5 ലിറ്റർ നീര് കിട്ടും. ഇതിൽനിന്ന് അര ലിറ്റർ മദ്യം നിർമിക്കാനാകുമെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.