കോട്ടയം: അര്‍ഹതയില്ലാതെ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് പൊതുവിഭാഗത്തിലേക്ക് കാര്‍ഡ് മാറ്റുന്നതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിക്കും. ഇതിനുശേഷവും പി.എച്ച്.എച്ച് (പിങ്ക്), എ.എ.വൈ(മഞ്ഞ), എന്‍.പി.എസ് (നീല) കാര്‍ഡുകള്‍ അനര്‍ഹമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.
ഇവരുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കുകയും വാങ്ങിയ സാധനങ്ങളുടെ വിപണി വില പിഴയായി ഈടാക്കുകയും ചെയ്യും. ഉദ്യോഗസ്ഥരാണെങ്കില്‍ വകുപ്പുതല നടപടികള്‍ക്ക് പുറമേ ക്രിമിനല്‍ നടപടികളും നേരിടേണ്ടിവരും.
സാമ്പത്തികമായി മുന്നാക്കം നില്ക്കുന്ന നിരവധി പേര് അനര്‍ഹമായി മുന്‍ഗണന കാര്‍ഡുകള്‍ കൈവശം െവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇങ്ങനെയുള്ളവര്‍ക്ക് സ്വയം ഒഴിവാകാൻ സര്‍ക്കാര്‍ സമയപരിധി നിശ്ചയിച്ചത്. ഈ സമയപരിധിക്കുള്ളില്‍ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കുന്നവര്‍ക്ക് പിഴയടക്കുകയോ ശിക്ഷാനടപടികള്‍ നേരിടുകയോ വേണ്ടതില്ല.
ജില്ലയില്‍ നിലവില്‍ ആകെ 5,35,855 റേഷന്‍ കാര്‍ഡ് ഉടമകളാണുള്ളത്. എ.എ.വൈ-35356, പി.എച്ച്.എച്ച്-1,73,097, എന്‍.പി.എന്‍.എസ്-1,91,591, എന്‍.പി.എസ്-1,30,317, എന്‍.പി.ഐ-5495 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡുകളുടെ എണ്ണം.
പൊതുവിതരണ വകുപ്പ് അധികൃതര്‍ വീടുകളിലെത്തി കാര്‍ഡുകള്‍ പരിശോധിച്ചുതുടങ്ങി. ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പെരിങ്ങളം മേഖലകളില്‍ നടത്തിയ പരിശോധനയില്‍ നാല്‍പ്പതോളം കാര്‍ഡുകള്‍ കണ്ടെത്തി. നിശ്ചിത സമയപരിധിക്കുള്ളില്‍ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ നല്കാന് കാര്‍ഡ് ഉടമകള്‍ക്ക് നിര്‍ദേശം നല്കി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ മറ്റു മേഖലകളിലും വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തും.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തില്‍നിന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് ഈ മാസം ഒന്നുമുതല്‍ 27 വരെ ജില്ലയില്‍ 1319 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 758 കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലുള്ളതാണ്. എന്‍.പി.എസ് വിഭാഗത്തിലെ 386 കാര്‍ഡും എ.എ.വൈ വിഭാഗത്തിലെ 175 കാര്‍ഡുമുണ്ട്. കോട്ടയം താലൂക്കില്‍നിന്നാണ് കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത്-459 എണ്ണം. ചങ്ങനാശ്ശേരി-214, കാഞ്ഞിരപ്പള്ളി-282, മീനച്ചില്‍ -229, വൈക്കം-135 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍നിന്ന് ലഭിച്ച അപേക്ഷകളുടെ എണ്ണം. നിരവധിപേര്‍ ഇനിയും അപേക്ഷ നല്‍കാനുണ്ട്.
അനര്‍ഹര്‍ ആരൊക്കെ?
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല ജീവനക്കാര്‍, സര്‍വിസ് പെന്‍ഷന്‍കാര്‍, ആദായനികുതി അടക്കുന്നവര്‍ പ്രതിമാസം 25,000 രൂപക്കുമുകളില്‍ വരുമാനമുള്ളവര്‍.
ഒരേക്കറില്‍ അധികം ഭൂമിയുള്ളവര്‍
1000 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍
ഏക ഉപജീവനമാര്‍ഗമല്ലാത്ത നാലുചക്ര വാഹനം ഉള്ളവര്‍
പൊതുവിഭാഗത്തിലേക്ക് മാറുന്നത് ഇങ്ങനെ:
താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ ഇ-മെയില്‍ വഴിയോ അപേക്ഷ നല്‍കണം
താലൂക്ക് സപ്ലൈ ഓഫിസര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ ഓഫിസുകളിലോ ഔദ്യോഗിക മൊബൈല്‍ നമ്പറുകളിലോ ബന്ധപ്പെട്ട് വിവരം അറിയിക്കാം.
ഫോണ്‍ നമ്പരുകള്‍:
ജില്ല സപ്ലൈ ഓഫിസ്-0481 2560371, ഇ-മെയില്‍: dsoktm1@gmail.com.
താലൂക്ക് സപ്ലൈ ഓഫിസുകള്‍: കോട്ടയം-0481 2560494, ഇ-മെയില്‍: tsoktm@gmail.com
ചങ്ങനാശ്ശേരി- 0481 2421660, ഇ-മെയില്‍: tsochry@gmail.com
മീനച്ചില്‍- 0482 2212439, ഇ-മെയില്‍: tsomncl@gmail.com
കാഞ്ഞിരപ്പള്ളി- 04828 202543, ഇ-മെയില്‍: tsokjply@gmail.com
വൈക്കം- 04829 231269, ഇ-മെയില്‍: vaikomtso@gmail.com
ചങ്ങനാശ്ശേരി: അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശംവെച്ചിരിക്കുന്നവര്‍, 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ അന്ത്യശാസനം, ലോക്ഡൗണ്‍ പരിഗണിച്ച് ജൂലൈ 15വരെ നീട്ടണമെന്ന് ഓള് ഇന്ത്യ റേഷന്‍ കാര്‍ഡ് ഹോള്‍ഡേഴ്സ് അസോ. അഖിലേന്ത്യ പ്രസിഡൻറ് ബേബിച്ചന് മുക്കാടന്‍, ദേശീയ ജനറല്‍ സെക്രട്ടറി നൈനി ജേക്കബ്, സംസ്ഥാന പ്രസിഡൻറ് ഷൈനി ചെറിയാന് എന്നിവര്‍ ഭക്ഷ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ മൂലം പല സ്ഥലങ്ങളിലും വാഹനസൗകര്യം ലഭ്യമല്ലാത്തതും പല താലൂക്ക് സപ്ലൈ ഓഫിസുകളിലും അപേക്ഷ നേരിട്ടു സ്വീകരിക്കാത്തതും ഓണ്‍ ലൈനിലൂടെ അപേക്ഷ അയയ്ക്കാന്‍ പരിചയമില്ലാത്തവരും കാർഡു തിരിച്ചേൽപിക്കാനാകാതെ ഉടമകൾ ബുദ്ധിമുട്ടുകയാണ്. പിഴയോ ശിക്ഷയോ ഇല്ലാതെ കാര്‍ഡുകള്‍ മാറ്റുന്നതിനുള്ള അവസരം ഈ മാസം ഒന്നു മുതലാണ് നിലവില്‍വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.