കോട്ടയം: പൈപ്പിലൂടെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെന്ന പ്രഖ്യാപനത്തോടെ തുടക്കമിട്ട ജൽജീവന്‍ പദ്ധതിയുടെ പേരില്‍ പ്രതിഷേധവും വാക്പോരും. പദ്ധതിയുടെ ഭാഗമായി കുത്തിപ്പൊളിച്ച റോഡുകൾ യഥാസമയം മൂടാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. കഴിഞ്ഞദിവസം നടന്ന ജില്ല വികസന സമിതി യോഗത്തിൽ എം.എൽ.എമാർ അടക്കമുള്ളവർ പരാതി ഉയർത്തിയിരുന്നു. ജൽജീവൻ മിഷൻ നിർമാണം വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടിരുന്നു.
ജോലികൾ വൈകുന്നതുമൂലം റോഡ് നവീകരണത്തിനുള്ള ഭരണാനുമതി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ല വികസന സമിതി ചൂണ്ടിക്കാട്ടിയിരുന്നു. കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിലും റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെ, ചുങ്കം പഴയ സെമിനാരി റോഡിൽ രണ്ടു ദിവസായി റോഡിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നുവരുകയാണ്. വിവിധ പഞ്ചായത്തുകളിലും തർക്കം മുറുകുകയാണ്. കഴിഞ്ഞദിവസം പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനെച്ചൊല്ലി അതിരമ്പുഴ പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ വാക്പോര് നടന്നിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 19, 20 വാർഡുകളിലെ പ്രതിനിധികൾ തമ്മിലായിരുന്നു തർക്കം. ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ജൽജീവന്‍ പദ്ധതിക്കായി പൊളിച്ച റോഡുകളുടെ പേരില്‍ എം.എല്‍.എയും യു.ഡി.എഫും പ്രാദേശിക നേതൃത്വവും തമ്മില്‍ പരസ്യപോര് ആരംഭിച്ചിട്ട് ആഴ്ചകളായി.
കുടിവെള്ളം ലഭിച്ചതുമില്ല, റോഡ് നശിക്കുകയും ചെയ്തതായി യു.ഡി.എഫ് ആരോപിക്കുമ്പോള്‍, കൂടുതല്‍ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് യു.ഡി.എഫ് തുരങ്കംവെക്കുന്നുവെന്നാണ് എം.എല്‍.എയുടെ വാദം.
പാമ്പാടി മേഖലയില്‍ പഞ്ചായത്തുകള്‍ തമ്മിലാണ് തര്‍ക്കം. പദ്ധതിക്കാവശ്യമായ ടാങ്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകള്‍ തമ്മിലും തര്‍ക്കം നിലനില്‍ക്കുകയാണ്. ഇത് കഴിഞ്ഞ ദിവസം പരസ്യപ്രതിഷേധത്തിലേക്കും മാറിയിരുന്നു. പള്ളിക്കത്തോട് പഞ്ചായത്തില്‍ പദ്ധതിക്കായി കുഴിച്ച റോഡ് നന്നാക്കുന്ന കാര്യത്തില്‍ ജലഅതോറിറ്റി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് പഞ്ചായത്ത് ഭരണസമിതി കോട്ടയത്തെ വാട്ടര്‍ അതോറിറ്റി ഓഫിസിൽ മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജില്ലയിലെ മുഴുവൻ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കാൻ 3860.34 കോടിയുടെ ഭരണാനുമതിയാണ് നൽകിയിരിക്കുന്നത്. ഉടൻ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തിമാക്കിയിരുന്നത്. എന്നാല്‍, ഒറ്റപ്പെട്ട പഞ്ചായത്തുകളിൽ മാത്രമാണ് ജലവിതരണം ആരംഭിച്ചത്. പൈപ്പ് സ്ഥാപിക്കാൻ പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകള്‍ തലങ്ങും വിലങ്ങും കീറിമുറിച്ചതാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഒരു മുന്നൊരുക്കവുമില്ലാതെയുള്ള പ്രവൃത്തി മൂലം ചില പഞ്ചായത്ത് റോഡുകളില്‍ രണ്ട്, മൂന്നൂം മീറ്റര്‍ മാത്രം ഇടവേളകളില്‍ മുറിച്ചിരുന്നു. ഇതൊന്നും യഥാസമയം മൂടിയില്ലെന്നു മാത്രമല്ല, വന്‍ കുഴികളായി രൂപപ്പെടുകയും ചെയ്തു. തുടർച്ചയായുള്ള മഴമൂലം പലയിടത്തും ചളിയും നിറഞ്ഞിരുന്നു. ഈ കുഴികള്‍ അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.