കോട്ടയം: ജില്ലയിൽ പേ ബാധിത നായ്ക്കളുടെ എണ്ണത്തിൽ വർധനയെന്ന് കണ്ടെത്തൽ. അക്രമകാരികളായ നായ്ക്കളിൽ പകുതിയിലേറെയും പേ ബാധിതരാണെന്നാണ് കണക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 55.36 ശതമാനം. നേരത്തെ പേ വിഷബാധയുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിൽ താഴെയായിരുന്നു. കടിയേറ്റവർ കൃത്യസമയത്ത് കുത്തിവെപ്പ് അടക്കം എടുക്കുന്നതിനാലാണ് പേവിഷ ബാധയേറ്റുള്ള മരണ നിരക്ക് കുറയാൻ കാരണം.
കുറുനരികൾ, പേ വിഷം ബാധിച്ച നായകൾ എന്നിവയുടെ കടിയേറ്റാണ് തെരുവുനായ്ക്കളിൽ പേ വിഷം വ്യാപിക്കുന്നത്. കുറുനരിക്ക് പേ വിഷം ബാധിക്കില്ല. പക്ഷേ, ഇവർ വാഹകരാകും. ഇവ കടിച്ചാൽ നായ്ക്കൾക്ക് പേ ബാധിക്കും. നായ്ക്കൂട്ടങ്ങൾക്കിടയിൽ കുറുനരികളുടെ സാന്നിധ്യം വർധിച്ചതായും മൃഗസംരക്ഷണവകുപ്പ് അധികൃതർ പറയുന്നു. ഇതാണ് പേ ബാധിച്ച നായ്ക്കളുടെ എണ്ണം വർധിക്കാനുളള പ്രധാനകാരണമായി കണക്കാക്കുന്നത്.
ജില്ലയിലടക്കം തെരുവ്നായ്ക്കളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായതായിട്ടാണ് വിലയിരുത്തൽ. ഒരു ലക്ഷം ജനസംഖ്യയുള്ള പ്രദേശത്ത് കുറഞ്ഞത് 3500 തെരുവുനായ്ക്കളുണ്ടാകുമെന്നാണ് പുതിയ കണക്ക്. എന്നാൽ, നേരത്തെ ഇവയുടെ എണ്ണം വളരെ കുറവായിരുന്നു. മാലിന്യ നിക്ഷേപം വർധിച്ചതും സംസ്കരണം പാളിയതും തെരുവുനായ്ക്കളുടെ എണ്ണം വർധിപ്പിച്ചിച്ചു. അനധികൃത ഇറച്ചിക്കടകളും കൂടി. അതിനിടെ, കോടിമതയിൽ പ്രവർത്തിച്ചിരുന്ന എ.ബി.സി സെന്ററിന്റെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ തെരുവ് നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ കൂട് സ്ഥാപിക്കമെന്ന ജില്ല ഭരണകൂടത്തിന്റെ നിർദേശം പാലിച്ചില്ല. ആറുമാസം മുമ്പ് ആശുപത്രി വളപ്പിൽ തെരുവ് നായുടെ ശല്യം രൂക്ഷമായപ്പോൾ ആശുപത്രി വളപ്പിൽ നായ്ക്കളെ പാർപ്പിക്കുന്നതിന് കൂട് സ്ഥാപിക്കുവാൻ സ്ഥലം കണ്ടെത്തി നൽകണമെന്ന് ജില്ല കലക്ടർ മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ ആശുപത്രി അധികൃതർ തുടർനടപടിയൊന്നും സ്വീകരിച്ചില്ല. ആശുപത്രി വളപ്പിലുള്ള തെരുവ്നായ്ക്കളെ പിടികൂടി സംരക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു കൂട് സ്ഥാപിക്കാനുള്ള തീരുമാനം.
അതിനിടെ, ആർപ്പൂക്കര പഞ്ചായത്തും ഫണ്ട് പ്രതിസന്ധി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് ആശുപത്രി വളപ്പിലെ തെരുവ് നായ്ക്കളെ പിടികൂടുന്നതും വാക്സിൻ നൽകുന്നതും. എന്നാൽ, സംശയമുള്ള നായ്ക്കളടക്കം നൂറ് കണക്കിന് തെരുവ് നായ്ക്കളെ പിടികൂടി കൂട്ടിലടച്ച് ഭക്ഷണം നൽകുകയെന്നത് പഞ്ചായത്തിനെ സംബന്ധിച്ച് പ്രായോഗികമല്ലെന്ന് ഇവർ പറയുന്നു.
വിഷയത്തിൽ സർക്കാരോ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരോ തുടർനപടികൾ സ്വീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. കഴിഞ്ഞദിവസം മെഡിക്കൽ കോളജ് ജീവനക്കാരടക്കം ഏഴ് പേരെ നായ്ക്കൾ ആക്രമിച്ചിരുന്നു. കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ്നായ്ക്കളെ പിടികൂടി വാക്സിൻ നൽകാൻ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.