കോട്ടയം: ജില്ലയിൽ വെള്ളിയാഴ്ച പകൽ മഴ മാറിനിന്നെങ്കിലും വൈകുന്നേരത്തോടെ മലയോരമേഖലയിൽ വീണ്ടും സജീവമായി. തീക്കോയി, ഭരണങ്ങാനം, പൂഞ്ഞാർ, പെരിങ്ങുളം, എരുമേലി, പാലാ, തലനാട് എന്നിവിടങ്ങളിലാണ് മഴ ശക്തമായത്. ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നുതന്നെ തുടരുകയാണ്. പകൽ മഴ ഒഴിഞ്ഞതിനാൽ വെള്ളം ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കിഴക്കൻ മേഖലയിൽ മഴ തുടങ്ങിയത് ആശങ്കയായി.
കോട്ടയം നഗരത്തിൽ ശക്തമായ മഴ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ 158.6 മില്ലിമീറ്റർ മഴയാണ് പെയ്തത്. മുണ്ടക്കയത്ത് 30.2 മി.മീറ്റർ, കോഴയിൽ 26.4 മി.മീറ്റർ, കോട്ടയത്ത് 25 മി.മീറ്റർ എന്നിങ്ങനെ മഴ പെയ്തു. ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 155 കുടുംബങ്ങളിലെ 501 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 189 പുരുഷൻമാരും 217 സ്ത്രീകളും 92 കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്.
കോട്ടയം താലൂക്ക്-29, ചങ്ങനാശ്ശേരി-ഒന്ന്, കാഞ്ഞിരപ്പള്ളി-ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. വെള്ളക്കെട്ടിന്റെ ആഘാതം കുറക്കുന്നതിന് മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളെ കൂട്ടിയിണക്കിയുള്ള മിറ്റിഗേഷൻ ടീം പ്രവർത്തനരംഗത്ത് ഉണ്ടെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.